പാചകപുസ്തകം:വേപ്പിലക്കട്ടി ചമ്മന്തി

(Veppilakatti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വേപ്പിലക്കട്ടി

മധ്യ തിരുവിതാംകൂറിലും പാലക്കാടൻ അഗ്രഹാരങ്ങളിലും പ്രചാരത്തിൽ ഉണ്ടായിരുന്നതും ഇപ്പോൾ കേരളത്തിൽ എമ്പാടും പ്രചാരത്തിൽ ഉള്ളതുമായ ഒരു ചമ്മന്തി ഇനമാണ് വേപ്പിലക്കട്ടി. പാലക്കാടൻ അഗ്രഹാരത്തിന്റെ തനതുരുചികളിലൊന്നാണ് ഇത്. തൈരും വേപ്പിലക്കട്ടിയും കൂട്ടിയുള്ള ഊണ് അഗ്രഹാരങ്ങളിൽ സാധാരണയാണ്. വേപ്പിലക്കട്ടി എന്നാണ് പേരെങ്കിലും ഇതിന്റെ നിർമ്മാണത്തിന് വേപ്പില നിർബന്ധമില്ല. കേരളത്തിൽ പലയിടത്തും പ്രാദേശികമായി ഇതുണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്.

നിർമ്മാണ രീതി

തിരുത്തുക

വടുകപ്പുളി നാരകത്തിന്റെ ഇല നാരുകളഞ്ഞ് എടുക്കുക. ആവശ്യത്തിനു കറിവേപ്പില, വറ്റൽ മുളക് എന്നിവയും കരുതുക. അല്പം അയമോദകവും പാകത്തിനു കല്ലുപ്പുംകൂട്ടി ഉരലിൽ ഇട്ട് ഇടിച്ചു പൊടിയാക്കിയതിനു ശേഷം വറ്റൽമുളക് ചേർത്ത് വീണ്ടും ഇടിച്ചു പൊടിക്കുക. യോജിച്ചു കഴിഞ്ഞാൽ നാരകത്തിന്റെ ഇലയും കറിവേപ്പിലയും ഇട്ട് ഇടിക്കുക. ഇടിയുടെ ഊക്കുകൊണ്ട് ഇലകൾ പൊടിയണം. പിന്നെ ഉപ്പു ചേർത്ത് നല്ലവണ്ണം പൊടിയാകുന്നതു വരെ ഇടിക്കുക. പിന്നീട് അത് പായയിലിട്ട് അല്പം ഉണക്കി മൺകലത്തിൽ അടച്ചു സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഇരിക്കും. മോരോ തൈരോ കൂട്ടി ഉണ്ണുമ്പോൾ വേപ്പിലക്കട്ടി ഉപയോഗിക്കാം.

വിക്കിപീഡിയ