സ്വതന്ത്ര സോഫ്റ്റ്‌വെയർ/ആമുഖം
സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്രസോഫ്റ്റ്‌വെയർ. സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയർ സൗജന്യമായി ലഭ്യമാണ്. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നൽകേണ്ടിവരികയുള്ളു. കൂടാതെ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവർക്കും വായിക്കാവുന്ന വിധത്തിൽ ലഭ്യമായിരിക്കും. കൂടാതെ ഇത്തരം കോഡുകളുടെയും സോഫ്റ്റ്‌വെയറിന്റെയും കൂടെ സ്വതന്ത്രസോഫ്റ്റ്‌വെയർ അനുമതി പത്രം സാധാരണയായി ഉൾപ്പെടുത്തിയിരിക്കും. ഇത്തരം സോഫ്റ്റ്‌വെയറുകൾ എല്ലാം പൊതുസഞ്ചയത്തിൽ ലഭ്യമാക്കിയവയായിരിക്കും.
1983 ൽ റിച്ചാഡ് സ്റ്റാൾമാനാണ് സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.[1] 1985 ൽ ഫ്രീ സോഫ്റ്റ്‌വെയർ ഫൌണ്ടേഷൻ (FSF)ആരംഭിച്ചു. 1998 മുതൽ പലപേരിലും സ്വതന്ത്രസോഫ്റ്റ്‌വെയർ അറിയപ്പെടുന്നു. അതിൽ ഏറ്റവും പ്രചാരത്തിലുള്ളവയാണ് FOSS("free and open source software"),FLOSS ("free, libre and open source software) എന്നിവ. സ്വതന്ത്രസോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ പരിരക്ഷിക്കാനും ശക്തിപ്പെടുത്തുന്നതിനുമായി 2005 ൽ "Software Freedom Law Center" പ്രവർത്തനം തുടങ്ങി