അധ്യായം ഒന്ന്

എന്താണു കമ്പ്യൂട്ടർ?

തിരുത്തുക

സാങ്കേതിക നിർവചനമനുസരിച്ച്‌, കമ്പ്യൂട്ടർ ഒരു 'ഇലക്ട്രോണിക്‌ ഡാറ്റാ പ്രോസസ്സിംഗ്‌ മെഷീൻ' ആണ്‌. അതായത്‌, പല ഉപാധികളിലൂടെ ലഭിക്കുന്ന വിജ്ഞാന ശകലങ്ങളെ കൂട്ടിച്ചേർത്ത്‌, ആവശ്യമുള്ള രീതിയിൽ അതിനെ അവതരിപ്പിക്കാൻ കഴിവുള്ള ഒരു വൈദ്യുത യന്ത്രമാണ്‌ ഒരു കമ്പ്യൂട്ടർ.

എന്തിന്‌?

തിരുത്തുക

ഒരു സാധാരണക്കാരനെ സംബന്ധിച്ച്‌, കമ്പ്യൂട്ടർ എന്നാൽ ഒരു ടൈപ്പ്‌ റൈറ്ററോ, ബില്ലിംഗ്‌ യന്ത്രമോ, അല്ലെങ്കിൽ പെട്ടെന്ന്‌ ലക്ഷ്യത്തിൽ എത്തുന്ന മെയിൽ അയക്കാനുള്ള സൂത്രമോ ഒക്കെയാണ്‌. ഇതെല്ലാം കമ്പ്യൂട്ടറിന്റെ ഉപയോഗങ്ങളിൽ പെടുന്നതാണെങ്കിലും, ഇതിൽ മാത്രം ഒതുങ്ങുന്നതല്ല അതിന്റെ കഴിവുകൾ. ഇതിൽ നമ്മുടെ സ്വന്തം കാര്യങ്ങൾ മുഴുവൻ സ്റ്റോർ ചെയ്ത് വെക്കാൻ കഴിയും, പിന്നെ നമ്മുടെ ഫോണിൽ ഉള്ളതിനേക്കാൾ സ്റ്റോറേജ് കൂടുതലാണ് കമ്പ്യൂട്ടറിൽ അന്തർവാഹിനികൾ മുതൽ ഉപഗ്രഹങ്ങൾ വരെയും, ജീവൻ രക്ഷാ ഉപകരണങ്ങൾ മുതൽ ഭൂഖണ്ഡാന്തര മിസൈലുകൾ വരെയും നിയന്ത്രിക്കാൻ കഴിവുള്ളതാണ്‌ കമ്പ്യൂട്ടറെന്ന മാന്ത്രികൻ.

മനുഷ്യനും മൃഗവും തമ്മിലുള്ള പ്രധാന വ്യത്യാസം, മനുഷ്യനു ചിന്തിക്കാനും ചിരിക്കാനുമുള്ള കഴിവുണ്ട്‌ എന്നതായിരുന്നു. ആദിമകാലം തൊട്ടേ മനുഷ്യൻ സമൂഹമായി ജീവിച്ച്‌, ചിന്തിച്ച്‌, പരസ്പരം ആശയവിനിമയം നടത്തി, അനുഭവങ്ങളിൽ നിന്നു പുതിയ പാഠങ്ങൾ ഉൾക്കൊണ്ട്‌, പുതിയ ആശയങ്ങൾ പരീക്ഷിച്ച്‌, പുരോഗതി നേടി വന്നവരാണ്‌. ഈ ജീവിത വ്യവസ്ഥയിൽ നിന്നും ഒരുപാട്‌ പുതിയ ഉപകരണങ്ങൾ ഉരുത്തിരിഞ്ഞ്‌ വന്നു. ഇരതേടാൻ ഒരറ്റം കൂർപ്പിച്ച വടി മുതൽ ആധുനിക ലോകത്തിന്റെ ചരിത്രം മാറ്റിക്കുറിച്ച ചക്രം വരെ ഇങ്ങനെ കണ്ടുപിടിക്കപ്പെട്ടവയാണ്‌.


ചരിത്രം

തിരുത്തുക

മനുഷ്യന്റെ ജീവിതവ്യവസ്ഥയിൽ പലപ്പോഴായി ഓരോ ആവശ്യങ്ങൾ വന്നുകൊണ്ടിരുന്നു. ഉദാഹരണത്തിന്‌, അങ്ങ്‌ ഉയരത്തിൽ നിൽക്കുന്ന മാമ്പഴം കയറിപ്പറിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ, കല്ലുപയോഗിക്കമെന്നവൻ കണ്ടെത്തി. കാലം നീങ്ങുന്നതിനൊപ്പം അവന്റെ ആവശ്യങ്ങളും മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ചരിത്രത്തിന്റെ ഏതോ ഏടിൽ വെച്ച്‌ മനുഷ്യൻ കാട്ടു മൃഗങ്ങളെ മെരുക്കി വളർത്താനാരംഭിച്ചു. ഇത്‌ അവന്‌ പുതിയ ആവശ്യങ്ങൾ സൃഷ്ടിച്ചു. രാവിലെ പുല്ലു മേയാൻ വിട്ടവ എല്ലാം തിരിച്ചെത്തിയോ എന്ന്‌ എങ്ങനെ അറിയും? അല്ലെങ്കിൽ കൂട്ടത്തിലെ എല്ലാവർക്കും ഭക്ഷിക്കാൻ കായ്കനികൾ പറിക്കുമ്പോളെങ്ങിനെ എല്ലാവർക്കും തികയുമോ എന്നറിയും? ഇതെല്ലാം മനുഷ്യനെ എണ്ണാൻ പഠിപ്പിച്ചിരിക്കണം. കാലത്തിനൊപ്പം ആവശ്യങ്ങളും വളർന്നപ്പോൾ അവൻ അതിനെ അതിജീവിക്കാൻ പുതിയ ഉപാധികൾ കണ്ടെത്തി. രാവിലെ ഇറക്കിവിടുമ്പോൾ കല്ലു പെറുക്കി വെച്ചും, കയറിൽ കെട്ടിട്ടും, കല്ലുകൊണ്ട്‌ എല്ലിൻ കഷ്ണത്തിൽ വരയിട്ടും തുടങ്ങിയ മനുഷ്യന്റെ ആവശ്യം അവിടെ നിന്നും വളർന്നപ്പോൾ ഒരു കൂട്ടം വരകൾക്ക്‌ പകരം അടയാളങ്ങൾ ഇട്ട്‌ സംഖ്യാന സമ്പ്രദായങ്ങൾക്കു തുടക്കം കുറിച്ചു. ആധുനിക കാലത്തെ 'കാൽകുലേറ്റ്‌' എന്ന വാക്കിന്റെ ഉത്ഭവം എണ്ണാൻ ഉപയോഗിച്ചിരുന്ന കല്ല്‌ എന്നർത്ഥം വരുന്ന കാൽകുലസ്‌ എന്ന വാക്കിൽ നിന്നായത്‌ ഈ ചരിത്രം കൊണ്ടാണ്‌. റ്റാലി സമ്പ്രദായം (ചിത്രം നോക്കുക) നിലവിൽ വന്നിട്ട്‌ ഏകദേശം ഇരുപതിനായിരത്തിലധികം വർഷങ്ങൾ ആയിട്ടുണ്ടാവുമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. ഇപ്പോഴും പ്രചാരത്തിലുള്ള ഇതായിരിക്കാം ഏറ്റവും കൂടുതൽ കാലത്തിനെ അതിജീവിച്ച സമ്പ്രദായം.

 
റ്റാലി സമ്പ്രദായം ഉപയോഗിച്ചുള്ള കണക്കു കൂട്ടൽ

1000 - 500 ബി.സി.

തിരുത്തുക

അബാക്കസിന്റെ (1000 - 500 ബി.സി.) ആവിഷ്കാരം കമ്പ്യൂട്ടിങ്ങിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. ചരിത്രത്തിലാദ്യമായി, മനുഷ്യൻ സ്വന്തം ബുദ്ധി ഉപയോഗിക്കാതെത്തന്നെ അവന്റെ കണക്കുകൾ ചെയ്യാമെന്ന സ്ഥിതിയിലേക്കെത്തി. ഇതേത്തുടർന്ന്‌, കണക്കു കൂട്ടൽ എളുപ്പമാക്കാൻ പലരും പല ഉപകരണങ്ങളും നിർമ്മിച്ചു. ഡാവിഞ്ചിയുടെ മെക്കാനിക്കൽ കാൽക്കുലേറ്റർ (എ ഡി 1500), നേപിയർസ്‌ ബോൺസ്‌ (എ ഡി 1600), ഇതിന്റെ ചുവടുപിടിച്ചുണ്ടാക്കിയ സ്ലൈഡ്‌ റൂൾ (എ ഡി 1621),ഷിക്കാർഡിന്റെ കാൽക്കുലേറ്റർ (എ ഡി 1625), ബ്ലേസ്‌ പാസ്കലിന്റെ പാസ്കലൈൻ (എ ഡി 1640) എന്നിവ അവയിൽ ചിലതാണ്‌. എങ്കിലും, ഇവയിൽ സ്വന്തം അച്ഛനെ സഹായിക്കാനായി പാസ്കൽ ഉണ്ടാക്കിയത്‌ എന്നു പറയപ്പെടുന്ന പാസ്കലൈൻ ആണ്‌ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു കണക്കുകൂട്ടൽ യന്ത്രമായി മാനിക്കപ്പെടുന്നത്‌. പാസ്കലൈൻ എന്ന ലളിതമായ യന്ത്രത്തിന്റെ കഴിവുകളെ ആധാരമാക്കി ഗോട്ട്ഫ്രേയ്ഡ്‌ ലെബെനിസ്‌ നിർമ്മിച്ച സ്റ്റെപ്‌ റെക്കണർ (എ ഡി 1670) ആണ്‌ ഇന്നത്തെക്കാലത്ത്‌ സർവ്വസാധാരണമായ ഡെസ്‌ൿടോപ്പ്‌ കമ്പ്യൂട്ടർ എന്ന ആശയം ഉരുത്തിരിയാനുള്ള മൂലകാരണം. ഈ യന്ത്രത്തിനു പ്രാഥമിക ഗണിതക്രിയകൾക്കു പുറമേ വർഗ്ഗമൂലം കാണുവാനുള്ള കഴിവും ഉണ്ടായിരുന്നു. ആദ്യമായി കമ്പ്യൂട്ടിംഗ്‌ യന്ത്രങ്ങളിൽ ബൈനറി (0,1 എന്നിവ മാത്രമുള്ള സംഖ്യാന സമ്പ്രദായം) ഉപയോഗിക്കുന്നതാണ് ഉത്തമമെന്നു പറഞ്ഞ ദാർശനികനായിരുന്നു ലെബെനിസ്‌. നാമിന്നു കാണുന്ന കമ്പ്യൂട്ടറുകളുടെ അടിസ്ഥാന സംഖ്യാന സമ്പ്രദായം ബൈനറിയാണ്‌. എ ഡി 1800-കളിൽ ജോസഫ്‌ മേരി ജക്കാഡ്‌ എന്ന നെയ്ത്തുകാരൻ, നെയ്യുമ്പോൾ ഉണ്ടാക്കേണ്ട രൂപങ്ങൾ ഒരു കാർഡിലിടുന്ന ദ്വാരങ്ങൾ കൊണ്ട്‌ നിയന്ത്രിക്കാനുള്ള ഉപായം കണ്ടെത്തി. അറിയാതെയെങ്കിലും അദ്ദേഹം നിർമ്മിച്ചത്‌ കമ്പ്യൂട്ടിങ്ങിന്റെ പ്രാരംഭകാലത്തെ മാറ്റിമറിച്ച പഞ്ച്ഡ്‌ കാർഡ്‌ ആയിരുന്നു. ഹെർമൻ ഹോളറിത്ത് എന്ന അമേരിക്കൻ സ്റ്റാറ്റിസ്റ്റീഷ്യൻ അന്നത്തെ കാനേഷുമാരി കണക്കെടുപ്പിനെ സഹായിക്കാനായി ഈ സങ്കേതം ഉപയോഗിച്ച് ഒരു ടാബുലേറ്റിങ്ങ് മെഷീൻ നിർമ്മിച്ചു. അദ്ദേഹം സ്ഥാപിച്ച ടാബുലേറ്റിങ്ങ് മെഷീൻ കമ്പനിയാണ് പിന്നീട് കമ്പ്യൂട്ടിങ്ങ് ടാബുലേറ്റിങ് റെക്കോഡിങ്ങ് കമ്പനിയായും, പിന്നീട് ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് (ഐ ബി എം) ആയും മാറിയത്. ലോകമാസകലമുള്ള ഗണിത ശാസ്ത്രജ്ഞരും, ശാസ്ത്രകാരന്മാരും, ചിന്തകരുമാണ്‌ നാമിന്നുകാണുന്ന തരത്തിലുള്ള പുരോഗതി കൈവരിക്കാൻ സഹായിച്ചത്‌ എന്ന വസ്തുത നമുക്കു മറക്കാനാവില്ല.

എ ഡി 1822-ൽ ചാൾസ്‌ ബാബേജ്‌ എന്ന ബ്രിട്ടീഷ്‌ ഗണിതശാസ്ത്രജ്ഞൻ ഡിഫറൻസ്‌ എഞ്ചിൻ എന്ന ഒരു കമ്പ്യൂട്ടിംഗ്‌ യന്ത്രത്തിന്റെ അപൂർണ്ണമായ ആശയം അവതരിപ്പിച്ചു. 31 അക്കങ്ങളുള്ള സംഖ്യകൾ വരെ കൈകാര്യം ചെയ്യാൻ കഴിവുള്ള ഈ യന്ത്രത്തിൽ നിന്നാണ്‌ ബാബേജ്‌ തന്റെ അടുത്ത സംഭാവനയായ അനലെറ്റിക്കൽ എഞ്ചിൻ എന്ന ആശയം നിർമ്മിച്ചെടുത്തത്‌. ഇതു കമ്പ്യൂട്ടിംഗ്‌ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു. ഈ സംഭാവന ബാബേജിന്‌ ആധുനിക കമ്പ്യൂട്ടിങ്ങിന്റെ പിതാവ്‌ എന്ന സ്ഥാനം നേടിക്കൊടുത്തു. ഇതിനെ ആധുനിക കമ്പ്യൂട്ടറുകളുടെ മുൻഗാമിയായി കണക്കാക്കാനുള്ള പ്രധാന കാരണം, അനലറ്റിക്കൽ എഞ്ചിൻ എന്ന യന്ത്രത്തിനു ഇന്നത്തെ കമ്പ്യൂട്ടറുകളേപ്പൊലെ ഇൻപുട്ട്‌ യൂണിറ്റ്‌, പ്രോസസ്സിംഗ്‌ യൂണിറ്റ്‌, ഔട്‌പുട്ട്‌ യൂണിറ്റ്‌ എന്നിങ്ങനെ മൂന്നു വേർതിരിച്ച്‌ കാണിക്കാവുന്ന വിഭാഗങ്ങൾ ഉണ്ടായിരുന്നു എന്നതു കൊണ്ടാണ്‌. ഇതോടൊപ്പം തന്നെ, സീക്വെൻഷിയൽ കണ്ട്രോൾ (നിർദ്ദേശങ്ങൾ ഒന്നിനു പിറകെ ഒന്നായി അനുസരിക്കുന്നതിനുള്ള ഉപായം) ഡിസിഷൻ മേകിംഗ്‌ ആൻഡ്‌ ബ്രാഞ്ചിംഗ്‌ (തത്സമയത്തെ സാഹചര്യങ്ങൾ വിലയിരുത്തി നിർദ്ദേശങ്ങൾ അനുസരിക്കുന്നതിന്റെ ക്രമത്തിൽ മാറ്റം വരുത്തൽ) ലൂപിംഗ്‌ (ഒന്നോ ഒന്നിലധികമോ നിർദ്ദേശങ്ങൾ വീണ്ടും വീണ്ടും അനുസരിക്കൽ) തുടങ്ങി ഒരുപാട്‌ ആശയങ്ങൾ ഈ യന്ത്രം വിഭാവനം ചെയ്തിരുന്നു. ഇന്നും ഈ ആശയങ്ങളാണ്‌ പ്രാഥമികമായി ഉപയോഗിച്ചു പോരുന്നത്‌.

1936-ൽ കൊനാർഡ്‌ സ്യൂസ്‌ എന്ന ജർമ്മൻ എൻജിനീയർ സെഡ്‌-1 എന്ന മെക്കാനിക്കൽ കമ്പ്യൂട്ടിംഗ്‌ യന്ത്രത്തിനു രൂപം നൽകി. നീണ്ട എൻജിനീയറിംഗ്‌ കണക്കുകൂട്ടലുകളുടെ ഉത്തരത്തിലേക്കെത്തിയ വഴി സൂക്ഷിക്കാൻ അക്കാലത്തെ മറ്റു യന്ത്രങ്ങൾക്കായിരുന്നില്ല. ആ പോരായ്മ പരിഹരിക്കാനാണത്രേ അദ്ദേഹം ഈ യന്ത്രം നിർമ്മിച്ചത്‌. ലെബനിസ്‌ വിഭാവനം ചെയ്തതു പോലെ, ബൈനറി ഉപയോഗിച്ച ആദ്യത്തെ യന്ത്രം എന്ന ഖ്യാതി ഇതിന്‌ അവകാശപ്പേട്ടതാണ്‌. ഇതിന്റെ പിൻഗാമിയായി ഉണ്ടാക്കിയ സെഡ്‌-2 ആണ്‌ ആദ്യത്തെ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഇലക്ട്രോ-മെക്കാനിക്കൽ കമ്പ്യൂട്ടർ. 1941-ൽ അദ്ദേഹം സെഡ്‌-3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാൻ പറ്റുന്ന കമ്പ്യൂട്ടർ നിർമ്മിച്ചു. ആ കാലത്ത്‌ പേപ്പറിന്റെ ദൌർലഭ്യം മൂലം പഴയ സിനിമയുടെ ഫിലിമിലാണ്‌ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്‌. പഞ്ച്ഡ്‌ കാർഡ്‌ ഉപയോഗിക്കാൻ മേൽപ്പറഞ്ഞ കാരണത്താൽ അദ്ദേഹത്തിനു സാധിച്ചില്ല. സ്വന്തം കമ്പനിയും പരീക്ഷണശാലയും യുദ്ധത്തിൽ തകർന്നെങ്കിലും, അതിനൊന്നും അദ്ദേഹത്തിന്റെ തൃഷ്ണയെ അടക്കാനായില്ല. സ്യൂസ്‌ ജീവൻ പണയം വെച്ച്‌ ഒരു പട്ടാളവണ്ടിയിൽ ഒളിച്ചു കടത്തിയ ഭാഗങ്ങൾ ഉപയോഗിച്ച്‌ സൂറിച്ചിൽ വെച്ച്‌ സെഡ്‌ -4 നിർമ്മിച്ചു. ഇതിൽ അദ്ദേഹം പഞ്ച്ഡ്‌ കാർഡാണ്‌ ഉപയോഗിച്ചത്‌.


പ്രൊഫസർ ജോൺ അറ്റാനൊസൊഫുംവിദ്യാർത്ഥിയായ ക്ലിഫോഡ്‌ ബെറിയും ചേർന്നാണ്‌ ആദ്യത്തെ ഡിജിറ്റൽ കമ്പ്യൂട്ടർ ആയ അറ്റാനൊസൊഫ്‌-ബെറി കമ്പ്യൂട്ടർ നിർമ്മിച്ചത്‌. ആധുനിക കമ്പ്യൂട്ടിങ്ങിലെ ചരിത്രപ്രധാനമായ നാഴികക്കല്ലായിരുന്നു അത്‌. ബൈനറി ഉപയോഗിച്ചു പ്രവർത്തിക്കുന്ന, തിരിയുന്ന ഡ്രമ്മിൽ കപ്പാസിറ്ററുകൾ പിടിപ്പിച്ച മെമ്മറിയുള്ള, 15 സെക്കണ്ടിൽ ഒരു പൂർണ്ണ നിർദ്ദേശം ചെയ്തു തീർക്കാൻ കഴിവുള്ള എ.ബി.സി, ആധുനിക കമ്പ്യൂട്ടറുകളുടെ ശ്രേണിയിൽ ഒരു പുതുമയായിരുന്നു. ഇതേത്തുടർന്നാണ്‌ പ്രെസ്പർ എക്കർട്ടും ജോൺ മോക്ലേയും ചേർന്ന് എനിയാക്‌ നിർമ്മിച്ചത്‌. എനിയാക്‌ ആണ്‌ ആദ്യത്തെ ഡിജിറ്റൽ കമ്പ്യൂട്ടർ എന്ന് പ്രഖ്യാപിച്ച്‌, അവർ പേറ്റന്റ്‌ എടുത്തു എങ്കിലും 1973-ലെ പേറ്റന്റ്‌ ഇൻഫ്രിൻജ്‌മന്റ്‌ കേസിന്റെ (സ്പെറി റാൻഡ്‌ വെഴ്സസ്‌ ഹണിവെൽ - മിന്നെസോട്ട ഡിസ്റ്റ്രിക്റ്റ്‌ കോടതി) വിധിയാൽ ആ സ്ഥാനം അറ്റാനൊസോഫ്‌-ബെറി കമ്പ്യൂട്ടറിനു തിരിച്ച്‌ കിട്ടി.


സാങ്കേതിക വിദ്യയുടെ കൂടെ കമ്പ്യൂട്ടിംഗ്‌ ചരിത്രവും വളർന്നു. 1900കളിൽ ജോൺ ആംബ്രൊസ്‌ ഫ്ലെമിംഗ്‌ കണ്ടുപിടിച്ച വാക്വം ട്യൂബുകളും, ലീ ദെ ഫോറസ്റ്റിന്റെ ട്രയോഡുകളും (1906), ജൂലിയയ്സ്‌ ലിലിയൻഫീൽഡിന്റെയും(1926) വില്ല്യം ഷോക്ക്ലി - വാൾട്ടർ ബ്രാട്ടൈൻ ജോഡികളുടെയും (1947) ട്രാൻസിസ്റ്ററും (മൂന്നു അർദ്ധചാലകങ്ങളുടെ സന്ധി ഉപയോഗിച്ച്‌ വൈദ്യുത പ്രവാഹത്തെ നിയന്ത്രിക്കുന്ന വിദ്യ), ഡമ്മറിന്റെയും ജാക്ക്‌ കിൽബിയുടെയും (1958) ഇന്റഗ്രേറ്റഡ്‌ സർക്യൂട്ടുക്കളും (ഒരു സർക്യൂട്ടിനെ ഒറ്റ സിലിക്കൺ ചിപ്പിൽ ഒതുക്കുന്ന വിദ്യ) ഒരു കുതിച്ചു ചാട്ടം തന്നെ സൃഷ്ടിച്ചു. എല്ലാക്കാലത്തും ചെറിയ ചെറിയ മാറ്റങ്ങൾ ഉരുത്തിരിഞ്ഞിരുന്നുവെങ്കിലും, സാങ്കേതിക വിദ്യയിലുള്ള കുതിച്ചു ചാട്ടത്തിനു മിക്കപ്പോഴും ആധാരമായിട്ടുള്ളത്‌ യുദ്ധങ്ങളാണ്‌. അല്ലൻ ട്യൂറിങ്ങിന്റെ ട്യൂറിംഗ്‌ മെഷിൻ, കൊളോസസ്‌ (ചരിത്ര പ്രശസ്തമായ എനിഗ്മ എന്ന ട്രാൻസ്പൊസിഷണൽ കോഡിംഗ്‌ തകർക്കാൻ വേണ്ടി നിർമ്മിച്ചത്‌), ഇനിയാക്‌, എഡ്വാക്‌, ഹോവാർഡ് ഐകനും ഗ്രേസ്‌ ഹോപ്പറും ചേർന്നു നിർമ്മിച്ച മാർക്‌ -1 എന്നിവ ഇതിനുദാഹരണങ്ങളാണ്‌.

ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളുടെ കാലം

തിരുത്തുക

ഇന്റഗ്രേറ്റഡ് സർക്യൂട്ട് എന്ന സാങ്കേതിക വിദ്യയുടെ വളർച്ച കമ്പ്യൂട്ടറുകളുടെ വലിപ്പം കുറച്ച്, ഉത്പാദനച്ചിലവ് കുറച്ച്, സാധാരണക്കാരുടെ ഇടയിൽ പ്രചാരം നേടുന്നതിനെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. വലിയ ഒരു മുറിതന്നെ നിറഞ്ഞു നിന്നിരുന്ന കമ്പ്യൂട്ടറിനെ കൈവെള്ളയിൽ ഒതുങ്ങുന്ന നിലയിലേക്കെത്തിച്ചത് ഇലക്ട്രോണിക്സ് വിപ്ലവത്തിലെ ഈ കണ്ണിയാണ്. ആദ്യകാല കമ്പ്യൂട്ടറുകൾ നന്നാക്കുന്നവരുടെ പണിയായുധങ്ങളിൽ സ്പാനറും ചുറ്റികയും വരെ ഉണ്ടായിരുന്നു എന്നത് അതിശയോക്തിയായി തോന്നിയേക്കാം പുതുതലമുറയ്ക്ക്. മെക്കാനിക്കൽ കമ്പ്യൂട്ടറിൽ തുടങ്ങി, ഇലക്ട്രോമെക്കാനിക്കലിൽ കൂടി സഞ്ചരിച്ച് ഇന്ന് ഇലക്ട്രോണിക് കമ്പ്യൂട്ടറുകളിൽ എത്തി നിൽക്കുന്നു.