5


സഹോദര സംരംഭങ്ങൾ



വിക്കിപീഡിയ എന്ന ഓൺലൈൻ വിജ്ഞാനകോശത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയെത്തുടർന്നു് വിക്കിമീഡിയ ഫൗണ്ടേഷൻ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിൿഷ്ണറി, പൊതു സഞ്ചയത്തിലുള്ള അല്ലെങ്കിൽ പകർപ്പവകാശനിബന്ധനകൾ ഇല്ലാത്ത പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, പഠനസഹായികളും മറ്റും ചേർക്കുന്ന വിക്കിബുക്ക്സ്, സിറ്റിസൺ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, ഓൺ‌ലൈൻ പരിശീലനം നൽകുന്നു വിക്കിവാഴ്സിറ്റി, ചൊല്ലുകൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങൾ വിക്കിപീഡിയയ്ക്കുണ്ടു്. ഇതിൽ വിക്കിസോഴ്സ് മലയാളത്തിൽ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിൿഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപാഠശാല എന്ന പേരിലും വിക്കിക്വോട്സ് വിക്കിചൊല്ലുകൾ എന്ന പേരിലും പ്രവർത്തിക്കുന്നുണ്ടു്. ഈ പദ്ധതികളെല്ലാം തന്നെ മലയാളത്തിൽ ശൈശവദശയിലാണെന്നു പറയാം. മേൽപ്പറഞ്ഞ എല്ലാ വിക്കിസംരംഭങ്ങൾക്കും മലയാളത്തിൽ ഏറെ പ്രസക്തിയുണ്ടു്.

വിക്കിഗ്രന്ഥശാല - http://ml.wikisource.org

തിരുത്തുക

പകർപ്പവകാശനിബന്ധനകളില്ലാത്ത കൃതികൾ ശേഖരിച്ചു്, ആവശ്യക്കാർക്കു് എളുപ്പം ലഭ്യമാക്കുന്ന വിക്കിയാണു് വിക്കിഗ്രന്ഥശാല. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിൽ ആക്കിയ കൃതികൾ എന്നിങ്ങനെ മൂന്നു് തരം കൃതികളാണു് വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന മലയാളകൃതികൾ, മറ്റു് ഭാഷകളിലെ കൃതികളുടെ മലയാളലിപ്യന്തരണങ്ങൾ എന്നിവ വിക്കിഗ്രന്ഥശാലയിലേക്കു് കൂട്ടിച്ചേർക്കാവുന്നതാണു്. 2006 മാർച്ച് 29-നാണു് വിക്കിഗ്രന്ഥശാലയുടെ തുടക്കം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയാണു് ആദ്യമായി വിക്കിഗ്രന്ഥശാലയിൽ ചേർത്തു് തുടങ്ങിയതു്. ആ വർഷംതന്നെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് ഗ്രന്ഥശാലയിലാക്കുന്ന പ്രവർത്തനം ആരംഭിച്ചു. 2008-2009-ൽ സത്യവേദപുസ്തകം, ഖുർആൻ, കേരളപാണിനീയം, ഇന്ദുലേഖ, കൃഷ്ണഗാഥ എന്നിവ സമ്പൂർണ്ണമായി വിക്കിഗ്രന്ഥശാലയിലെത്തിച്ചു. കുമാരനാശാന്റെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും കവിതകൾ ഏതാണ്ടു് പൂർണ്ണമായി ഗ്രന്ഥശാലയിൽ സമാഹരിച്ചിട്ടുണ്ടു്.

ശ്രീനാരായണഗുരു, കുഞ്ചൻ നമ്പ്യാർ, പൂന്താനം, എഴുത്തച്ഛൻ, മേല്പത്തൂർ, തുടങ്ങി നിരവധി പേരുടെ വിവിധ കൃതികൾ ഗ്രന്ഥശാലയിൽ സമാഹരണത്തിന്റെ പ്രാഥമികഘട്ടത്തിലാണു്. ഭാഗവതം കിളിപ്പാട്ടു്, നാരായണീയം, ഗീതഗോവിന്ദം, ഋഗ്വേദം തുടങ്ങിയവ അപൂർണ്ണമായി നിൽക്കുന്നു. അറബിമലയാളത്തിലെ ആദ്യകാവ്യമായി കരുതപ്പെടുന്ന ഖാസി മുഹമ്മദിന്റെ മുഹ്‌യുദ്ദീൻ മാലയും, കെ.വി. സൈമൺ, , പി.എം. കൊച്ചുകുറു, പി.വി. തൊമ്മി, മോശവത്സലം, വി. നാഗൽ, കൊച്ചുകുഞ്ഞുപദേശി തുടങ്ങിയവരുടെ ക്രിസ്തീയകീർത്തനങ്ങളും ആണു് വിക്കിഗ്രന്ഥശാലയുടെ അപൂർവത. ത്യാഗരാജകൃതികൾ, സ്വാതിതിരുനാൾ കൃതികൾ, ഉള്ളൂർ കൃതികൾ എന്നിവയും വിക്കിഗ്രന്ഥശാലയിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

അച്ചടിയുടെ കാലത്തിനുമുമ്പു് വിശിഷ്ടഗ്രന്ഥങ്ങൾ ഒരു ചുരുങ്ങിയ വിഭാഗത്തിന്റെ കയ്യിലേക്കും മനസ്സിലേക്കും ഒതുങ്ങിയിരുന്നു. അവ ഭൂരിപക്ഷത്തിനു് അപ്രാപ്യമായിയിരുന്നു. അച്ചടി ഇക്കാര്യത്തിൽ സമഗ്രമായ മാറ്റമുണ്ടാക്കി. എന്നാലിന്നു് പുസ്തകങ്ങളുടെ വർദ്ധനവു് പല കൃതികളെയും വീണ്ടും അലഭ്യമാക്കിയിരിക്കുന്നു. ഉല്പാദനത്തിന്റെ ചെലവും ലാഭേച്ഛയും ലഭ്യമായ പുസ്തകങ്ങളെക്കൂടി സാധാരണക്കാരിൽനിന്നു് അകറ്റുകയാണു്. പഴയ കൃതികളുടെ പുനർമുദ്രണം ചുരുക്കമായി നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കാലത്തെ കൃതികൾ സമസ്തവും പ്രസിദ്ധീകരിക്കുക അച്ചടിമേഖലയ്ക്കു് അസാദ്ധ്യം തന്നെ. അച്ചടി ഉയർത്തുന്ന പാരിസ്ഥിതികപ്രശ്നങ്ങളും ചെറുതല്ല. ഈ അവസരത്തിലാണു് വിക്കിഗ്രന്ഥശാല പ്രസക്തമാകുന്നതു്. പകർപ്പവകാശത്തിനുപുറത്തുള്ള എല്ലാ കൃതികളും - മതം, ശാസ്ത്രം, സാഹിത്യം, തത്ത്വചിന്ത, വൈദ്യം, വ്യാകരണം - എന്തുമാകട്ടെ - മലയാളിക്കു് പ്രാപ്യമാക്കുക എന്നതാണു് വിക്കിഗ്രന്ഥശാലയുടെ ലക്ഷ്യം. മലയാളത്തിൽ ചീരാമകവിയുടെ രാമചരിതം മുതൽ ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം വരെയുള്ള ഗ്രന്ഥങ്ങൾ വിരൽത്തുമ്പിൽ - സ്വതന്ത്രവും സൌജന്യവുമായി- എത്തുക എന്നതു് ഏതൊരു ഭാഷാ-സാഹിത്യപഠിതാവിനും ആഹ്ലാദകരമാണു്. അതിനുള്ള ഭൂമികയാണു് ഗ്രന്ഥശാല. ഓരോരുത്തരും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്താൽ ഈ ആഹ്ലാദം അകലെയല്ല.

ആവശ്യത്തിനു് സന്നദ്ധസേവകർ ഇല്ല എന്നതാണു് മലയാളം വിക്കിഗ്രന്ഥശാല നേരിടുന്ന പ്രതിസന്ധി. വിക്കിഗ്രന്ഥശാലയെക്കുറിച്ചു് കൂടുതൽ അവബോധമുണ്ടാകുന്നതിലൂടെ ഇതു് രിഹരിക്കപ്പെടുമെന്നാണു് പ്രതീക്ഷ. പ്രാചീനഗ്രന്ഥങ്ങളെ പബ്ലിക് റിസോഴ്സ് ആയി ലഭ്യമാക്കാൻ കേരളാ സർക്കാരും വിക്കിഗ്രന്ഥശാലയും കൈകോർക്കുകയാണെങ്കിൽ സമഗ്ര ഗ്രന്ഥശേഖരം എന്ന സ്വപ്നം സാർത്ഥകമാകും.

വിക്കിനിഘണ്ടു‌ - http://ml.wiktionary.org

തിരുത്തുക

നിർവചനങ്ങൾ, ശബ്ദോത്പത്തികൾ, ഉച്ചാരണങ്ങൾ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ, തർജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണു് മലയാളം വിക്കിനിഘണ്ടു‌. മലയാളം വാക്കുകൾക്കു് തത്തുല്യമായ ഇതരമലയാള പദങ്ങളും അതേ പോലെ അന്യഭാഷാ പദങ്ങളുടെ മലയാളത്തിലുള്ള അർത്ഥവും ചേർത്തു് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഈ സംരംഭത്തിനുവേണ്ടി പ്രവർത്തിക്കുന്നു. മലയാള വാക്കുകളുടേതിനു് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, കൊറിയൻ, ഹിന്ദി, തമിഴ്, ചൈനീസ് എന്നീ ഭാഷകളിലെ വാക്കുകളും അവയുടെ മലയാളത്തിലുള്ള നിർവചനവും ഈ വിക്കിയിലുണ്ടു്. കാലക്രമേണ ഇതു് ഓൺലൈൻ മലയാളത്തിന്റെ നട്ടെല്ലായി മാറും.

വിക്കിചൊല്ലുകൾ - http://ml.wikiquote.org

തിരുത്തുക

പഴഞ്ചൊല്ലുകൾ, പ്രസിദ്ധരായ വ്യക്തികളുടെ മൊഴികൾ, പ്രസിദ്ധമായ പുസ്തകങ്ങൾ / പ്രസിദ്ധീകരണങ്ങൾ എന്നിവയിലുള്ള ഉദ്ധരണികൾ, എന്നിവ ശേഖരിക്കുന്ന വിക്കിയാണു് വിക്കിചൊല്ലുകൾ. നിലവിൽ ഈ വിക്കി സംരംഭത്തിൽ വലിയ പ്രവർത്തനങ്ങൾ നടക്കുന്നില്ല. വിജ്ഞാനം പങ്കുവയ്ക്കുവാൻ തയ്യാറുള്ള ധാരാളം പ്രവർത്തകർ വന്നാൽ മാത്രമേ ഈ സംരംഭങ്ങൾ സജീവമാകൂ.

വിക്കിപാഠശാല - http://ml.wikibooks.org

തിരുത്തുക

പാഠപുസ്തകങ്ങൾ, മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായികൾ എന്നിവ ചേർക്കുന്ന വിക്കിയാണു വിക്കിപാഠശാല. ഈ പദ്ധതി വരുംകാലങ്ങളിൽ മലയാളികൾക്കു് ഏറെ പ്രയോജനപ്പെടുത്താവുന്നതാണു്. ആവശ്യത്തിനു് പ്രവർത്തകരില്ലാത്തതു് മൂലം ഇഴഞ്ഞു് നീങ്ങുന്ന ഒരു പദ്ധതി ആണിതു്.

മലയാളത്തിലില്ലാത്ത മറ്റു് സംരംഭങ്ങൾ

തിരുത്തുക

വിക്കിമീഡിയ കോമൺസ് - http://commons.wikimedia.org/

തിരുത്തുക

സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ കോമൺസ്. വിക്കിമീഡിയ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ഈ ശേഖരിണിയിൽ ശേഖരിക്കപ്പെടുന്ന പ്രമാണങ്ങൾ വിക്കിപീഡിയ, വിക്കി ഗ്രന്ഥശാല, വിക്കി പാഠശാല, വിക്കി ചൊല്ലുകൾ തുടങ്ങി എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിമീഡിയ പദ്ധതികളിലും ഉപയോഗിക്കുവാനും, വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. നിലവിൽ വിക്കിമീഡിയ കോമൺസിൽ നിരവധി ദശലക്ഷം പ്രമാണങ്ങളുണ്ട്

വിക്കിന്യൂസ് - http://wikinews.org/

തിരുത്തുക

സ്വതന്ത്രമായ വാർത്താകേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി മലയാളത്തിലിതുവരെ ലഭ്യമായി തുടങ്ങിയിട്ടില്ല. സിറ്റിസൺ ജേണലിസത്തെ പ്രോത്സാഹിപ്പിച്ചു് ഏകോപിത വാർത്താകേന്ദ്രം നിർമ്മിക്കുക എന്നതാണു് വിക്കിന്യൂസിന്റെ ലക്ഷ്യം.

വിക്കിവേഴ്സിറ്റി - http://www.wikiversity.org/

തിരുത്തുക

ഇവിടെ സ്വതന്ത്ര പഠന സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള നടത്തുന്ന ഒരു പദ്ധതിയാണിത്. വിക്കിപീഡിയ പോലുള്ള വിജ്ഞാനകോശങ്ങളിൽ നിന്നു് വിഭിന്നമായി ഇവിടെ ഒരേ വിഷയത്തിൽ അധിഷ്ഠിതമായ നിരവധി പഠനസാമഗ്രികൾ വിവിധ പതിപ്പുകളിലായി ലഭിക്കുന്നു.

വിക്കിസ്പീഷ്യസ് - http://species.wikimedia.org/

തിരുത്തുക

ജൈവവർഗങ്ങളെ കുറിച്ചും അവയുടെ സമഗ്രമായ വിവിരശേഖരത്തിനുമുള്ള സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണു് വിക്കിസ്പീഷീസ്.

വിക്കിഡാറ്റ - http://wikidata.org

തിരുത്തുക

മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.

വിക്കിവോയേജ് - http://wikivoyage.org

തിരുത്തുക

വിക്കി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര യാത്രാസഹായിയാണു് വിക്കി‌വോയേജ്. ഭൂഖണ്ഡ തലം മുതൽ പ്രാദേശിക തലം വരെയുള്ള വിവരങ്ങൾ ഇതിന്റെ പ്രത്യേകതയാണു്. മലയാളത്തിലും വിക്കി‌വോയേജ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ വിക്കിമീഡിയ ഇൻക്യുബേറ്ററിൽ നടക്കുകയാണു്.

http://incubator.wikimedia.org/wiki/Wy/ml/