വിക്കിപീഡിയ കൈപ്പുസ്തകം/വിക്കിപീഡിയ – തുടക്കവും തുടർച്ചയും



2

വിക്കിപീഡിയ – തുടക്കവും തുടർച്ചയും



ആർക്കും എഴുതിച്ചേർക്കാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരകനായ റിച്ചാർഡ് മാത്യു സ്റ്റാൾമാൻ 1999-ൽ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവർത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സ് എന്നയാളുണ്ടാക്കിയ ഇന്റർപീഡിയ ആണു്. എങ്കിലും ഇത്‌ ആസൂത്രണ ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല. ഒരോ വിഷയങ്ങളിലേയും പ്രമുഖരുടെ ലേഖനങ്ങൾക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നുപീഡിയ (Nupedia) ആയിരുന്നു അടുത്തത്‌. ജിമ്മി വെയിൽസും സഹായി ലാരി സാങറും ആയിരുന്നു ഇതിന്റെ ശിൽപ്പികൾ. നുപീഡിയക്കു് മറ്റുള്ളവയോടു കിടപിടിക്കാവുന്ന ഗുണമേന്മയും, ഒന്നാന്തരം ലേഖകന്മാരും ഉണ്ടായിരുന്നു. പക്ഷേ ഗുണമേന്മയ്ക്കു് അധികപ്രാധാന്യം കൊടുക്കുന്നതു മൂലം ലേഖനങ്ങൾ എഴുതപ്പെടുന്നത്‌ വളരെ പതുക്കെയായിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള വഴിയെക്കുറിച്ചുള്ള ചിന്തയിലായിരുന്നു വെയിൽസും സാങറും. സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും മറ്റാരുടെയെങ്കിലും സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൌകര്യവും നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സം‌വിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണിതു്. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണ് വിക്കി.

വാർഡ് കണ്ണിംഹാം (Ward Cunningham) എന്ന പോർട്ട്‌ലാൻഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ചു് 25-നു് അദ്ദേഹം ഇത് www.c2.com എന്ന വെബ്ബ് സൈറ്റിൽ സ്ഥാപിച്ചു. കണ്ണിംഹാം തന്നെയാണ് ഈ പുതിയ ആപ്ലിക്കെഷനു് വിക്കി എന്ന പേരു് നിർദ്ദേശിച്ചത്. ഹോണോലുലു ദ്വീപിലെ വിമാനത്താവളത്തിലെ ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി. 52 എന്ന ബസ്സ് സർവ്വീസിനെകുറിച്ചു് അവിടുത്തെയൊരു തൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം."What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോൾ വികസിപ്പിച്ചു് പറയാറുണ്ട്.

2001, ജനുവരി 2-നു് ഒരു അത്താഴവിരുന്നിൽ വച്ച്‌ കാലിഫോർണിയയിലെ സാൻ ഡിയാഗോവിൽ നിന്നും എത്തിയ ബെൻ കോവിറ്റ്‌സ്‌ എന്ന കമ്പ്യൂട്ടർ പ്രോഗ്രാമർ വാർഡ്‌ കുണ്ണിങ്ഘാം എന്നയാളുടെ "വിക്കി" എന്ന സങ്കൽപ്പത്തെ കുറിച്ച്‌ സാൻഗറോടു പറയുകയും ഇതിന്റെ പ്രവർത്തനതത്വങ്ങളെക്കുറിച്ചു് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.

സാങർക്ക്‌ വിക്കി എന്ന ആശയം ബോധിക്കുകയും വെയിൽസിനെ അതു പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ ജനുവരി 10-നു് നുപീഡിയയിലെ ലേഖനനിർമ്മാണത്തിൽ ലേഖകരെ സഹായിക്കാനായി ആർക്കും തിരുത്താവുന്ന തരത്തിലുള്ള ആദ്യത്തെ വിക്കി പുറത്തിറങ്ങി. എന്നാൽ നുപീഡിയയുടെ ലേഖകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഉണ്ടായ എതിർപ്പു മൂലം ജനുവരി 15-നു് വിക്കിപീഡിയ സ്വന്തം ഡൊമൈനായ wikipedia.org -ൽ പുറത്തിറങ്ങി . അതിനു വേണ്ട പ്രസരണശേഷി (bandwidth), സെർവർ എന്നിവ വെയിൽസ്‌ തന്നെ സംഭാവന ചെയ്തു.

വിക്കിപീഡിയ തുടങ്ങിയ കാലത്ത്‌ അത്തരത്തിൽ പല പദ്ധതികൾ രൂപംകൊണ്ടിരുന്നു. അവയിൽ പലതും ശൈശവദശയിൽ തന്നെ ഇല്ലാതായി. അതുകൊണ്ടുതന്നെ വിക്കിപീഡിയ ഒരു മഹാപ്രസ്ഥാനമായി മാറുമെന്നു് കുറച്ചുപേർ മാത്രമേ കരുതിയിരുന്നുള്ളു. അതിശയമെന്നു പറയട്ടെ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീഡിയ, കാലാന്തരത്തിൽ തനതുവ്യക്തിത്വമുള്ള സ്വതന്ത്രവിജ്ഞാനകോശമായി മാറി. ഇന്നു് സ്വതന്ത്രവിജ്ഞാനകോശം എന്നതിന്റെ മറുവാക്കായ വിക്കിപീഡിയ ലോകത്തിലെ എറ്റവും വിപുലവും ഗുണമേന്മയുള്ളതുമായ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു.

2001 മെയ്‌-ൽ ഇംഗ്ലീഷ്‌ ഇതര വിക്കിപീഡിയകൾ ആദ്യമായി പുറത്തിറങ്ങി - കാറ്റലൻ, ചൈനീസ്‌, ഡച്ച്‌, ജെർമൻ, എസ്പരാന്റോ, ഫ്രഞ്ച്‌, ഹീബ്രും, ഇറ്റാലിയൻ, ജാപ്പനീസ്‌, പോർറ്റുഗീസ്‌,റഷ്യൻ, സ്പാനിഷ്‌, സ്വീഡിഷ്‌ മുതലായ ഭാഷകളിൽ. സെപ്റ്റംബർ 4-നു് അറബിയും, ഹൻഗേറിയനും കൂടെ ചേർന്നു . 2002 ഡിസംബർ 21 മുതലാണു് മലയാളം വിക്കിപീഡിയയിൽ തിരുത്തലുകൾ വന്ന് തുടങ്ങിയത്.

വിക്കിപീഡിയ തുടങ്ങിയ ആദ്യത്തെ ഒരു വർഷത്തിൽ ഒരു ഇന്ത്യൻ ഭാഷയിൽ പോലും വിക്കിയിൽ സമൂഹം രൂപം കൊണ്ടില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായതു് 2002 ജൂൺ മാസത്തിൽ പഞ്ചാബി, അസ്സാമീസ്, ഭാഷകളിലുള്ള വിക്കിപീഡിയകളിൽ തിരുത്തലുകൾ ആരംഭിച്ചപ്പോഴാണു്. ഈ മൂന്നു് ഇന്ത്യൻ ഭാഷകൾക്കു് ശേഷം 2002 ഡിസംബർ 21നാണു് മലയാളം വിക്കിപീഡിയയിൽ തിരുത്തലുകൾ നടക്കാൻ തുടങ്ങിയതു്. ക്രമേണ 2003-ഫെബ്രുവരിയിൽ ഭോജ്പൂരി, 2003 മെയിൽ മറാഠി, 2003 ജൂണിൽ കന്നഡ, 2003 ജൂലൈയിൽ ഹിന്ദി, 2003 സെപ്തംബറിൽ തമിഴ്, 2003 ഡിസംബറിൽ തെലുഗ്, ഗുജറാത്തി, 2004 ജനുവരിയിൽ ബംഗാളി എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിൽ ഉള്ള വിക്കിപീഡിയകളിൽ തിരുത്തൽ ആരംഭിച്ചു.

നിലവിൽ 285ലധികം ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. മൃതപ്രായരായ പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിലൂടെ പുനർജീവിച്ചു കൊണ്ടിരിക്കുകയുമാണ്. മുപ്പത്തൊൻപത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഈ സംരംഭത്തിൽ ഏറ്റവും വലുത്. തുടങ്ങിയ ആദ്യവർഷത്തിൽ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞിരുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷനാണു് (http://wikimediafoundation.org) ഇപ്പോൾ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്‌.