പാചകപുസ്തകം:തീയ്യൽ
തേങ്ങ വറുത്തരച്ചു ചേർത്തുണ്ടാക്കുന്ന കറികൾക്കു പൊതുവായി പറയുന്ന പേരാണു് തീയൽ. പാവയ്ക്ക, ഇഞ്ചി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി പലതരം പച്ചക്കറികൾ ഇതിനായി ഉപയോഗിക്കാറുണ്ട്.
ആവശ്യം വേണ്ട സാധനങ്ങൾ:
- അരിഞ്ഞെടുത്ത പച്ചക്കറി കഷണങ്ങൾ
- തേങ്ങ മൃദുവായി ചിരവിയത്
- മുളകുപൊടി
- മല്ലിപ്പൊടി
- മഞ്ഞൾപ്പൊടി
- ചെറിയ ഉള്ളി (5-6 എണ്ണം)
- കറിവേപ്പില
- വാളൻ പുളി നീരു് ആവശ്യത്തിനു്
തേങ്ങ നന്നായി ചിരവിയത് ചുവടുകട്ടിയുള്ള പാത്രത്തിൽ ചെറുതീയിൽ കറിവേപ്പിലയും ചേർത്ത് വറക്കുക. ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ പൊടികളും ചേർത്തിളക്കി വെള്ളം ചേർക്കാതെ നന്നായി അരയ്ക്കുക. ഉപ്പും വെള്ളവും ചേർത്തു വേവിച്ചു വച്ചിരിക്കുന്ന കഷണങ്ങളിലേയ്ക്ക് ഈ അരപ്പു ചേർത്തിളക്കുക. ആവശ്യത്തിനു പുളിയും ചേർത്തു നന്നായി തിളപ്പിക്കുക. ഇതു ഒന്നു രണ്ടുദിവസം കേടുകൂടാതെ ഇരിക്കുന്ന വിഭവമാണു്. ചോറിനോടൊപ്പം നല്ല ഒഴിച്ചുകറിയായി ഉപയോഗിക്കാം.