ദന്തവൈദ്യം - പതിവു് ചോദ്യങ്ങൾ

പല്ലുകൾ ഡന്റിസ്റ്റിനെക്കൊണ്ട് ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണോ? അത്തരത്തിൽ ക്ലീൻ ചെയ്താൽ ഇനാമൽ പോകുമെന്നും പുളിപ്പുണ്ടാകുമെന്നും പറയുന്നത് ശരിയാണോ? തിരുത്തുക

ഉ: ഏതു ശരീരഭാഗത്തെയും പോലെ പല്ലുകളും വൃത്തിയായിരിക്കേണ്ടത് ആവശ്യമാണ്. ശരിയായരീതിയിലും സമയത്തും പല്ലുകൾ തേക്കുന്നത് പല്ലുകൾ വൃത്തിയായി സൂക്ഷിക്കാനായി നമുക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്. ഇതോടൊപ്പം ഫ്ലോസ്സിങ്ങ് എന്ന രീതിയും അവലംബിച്ചാൽ ഒരു പരിധിവരെ മറ്റു സഹായമില്ലാതെ പല്ലുകൾ ആരോഗ്യത്തോടെ സൂക്ഷിക്കാം. എന്നാൽ എത്രയൊക്കെ ശ്രദ്ധിച്ചാലും പല്ലുകളിൽ ഇത്തിൾ പറ്റിപ്പിടിക്കാം. ഇത് ശരിയായ സമയത്ത് ശുചിയാക്കാതിരുന്നാൽ പല്ലിന്റെ മുകളിൽ ആദ്യം ഉണ്ടാകുന്ന പാടപോലുള്ള അഴുക്ക് കട്ടിവെക്കുകയും കൂടുതലാകാനിടയാകുകയും മോണയുടെ ഭാഗങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. ഇതാണ് ഇത്തിൾ (Tartar) ഇത്തിൾ അഥവാ ടാറ്ടാർ പല്ലിന്റെ ബലം നഷ്ടപ്പെടുത്തുകയും ചിലപ്പോൾ ഇനാമലിൽ ക്ഷതമേൽപ്പിക്കയും ചെയ്യും. മോണവീക്കം ഉണ്ടാവാനും രക്തം വരാനും കാരണകുന്നതതിനാലാണ് . ഇത്തിൾ കൂടുതലായുള്ളിടത്ത് അണുക്കളുടെ സാന്നിധ്യവും കുടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. ടാർടാറിൽ കറപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഈ ഇത്തിൾ നീക്കം ചെയ്യണമെങ്കിൽ ഡന്റ്റിസിന്റെ സഹായം ആവശ്യമായി വരാം. ഡന്റിസ്റ്റ് പ്രത്യേകതരം ഉപകരണം (അൾട്രാ സോണിക് സ്കേലർ) ഉപയോഗിച്ചാണിത് നീക്കം ചെയ്യുന്നത്. ഈ ഉപകരണം ശബ്ദത്തിനേക്കാൾ വേഗത്തിൽ പ്രകമ്പനം കൊള്ളുകയും അത് പല്ലിൽ ഒട്ടിയ ഇത്തിളിനെ വേർപെടുത്തകയും ചെയ്യുന്നു. എന്നാൽ കാഠിന്യമുള്ള ഇനാമലിനെ ഇത് ബാധിക്കില്ല. കാരണം ഇനാമൽ ഒട്ടിപ്പിടിച്ചുണ്ടാവുന്നതല്ല എന്നതുതന്നെ.

വളരെക്കാലം പഴക്കം ചെന്ന ഇത്തിൾ പല്ലിന്റെ വേരിനെ ആവരണം ചെയ്ത് അതിന്റെ ബലം നശിപ്പിച്ചു തുടങ്ങിയിരിക്കും. വേരിനെ സാധാരണഗതിയിൽ പുളിപ്പിൽ നിന്ന് സം‌രക്ഷണം നൽകുന്ന എല്ലും ചുറ്റുമുള്ള മോണയും നശിച്ചുതുടങ്ങിയിരിക്കും ഈ സമയത്ത് ഇത്തിൾ നീക്കം ചെയ്യുന്നതോടെ വേര് അനാവരണം ചെയ്യപ്പെടാനും പുളിപ്പ് തോന്നാനും ഇടയാക്കും.

വളരെക്കാലത്തിനുശേഷം ക്ലീനിങ്ങ് ചെയ്യുന്നവർക്കാണ് മേൽ പറഞ്ഞ പുളിപ്പ് ഉണ്ടാകുക. കൃത്യമായ ഇടവേളകളിൽ ഇത് ചെയ്യുന്നവർക്ക് പുളിപ്പുണ്ടാകില്ല എന്നു മാത്രമല്ല അവരുടെ പല്ലുകൾ എന്നെന്നും ബലത്തോടെയിരിക്കുകയും ചെയ്യും.

പുളിപ്പ് ഉണ്ടായി എന്നു തന്നെയിരിക്കട്ടെ, ഇന്നത്തെ ദന്തവൈദ്യശാസ്ത്രത്തിൽ അതിനുതക്കതായ ചികിത്സയും ഉണ്ട്. [1]


മോണയിൽ നിന്ന് രക്തം വരുന്നത് വിറ്റാമിന്റെ കുറവുകൊണ്ടാണോ? അതോ ബ്രഷ് കൊണ്ടിട്ടാണോ? തിരുത്തുക

വിറ്റാമിൻ സി യുടെ കുറവുകൊണ്ട് മോണയിൽ നിന്ന് രക്തം വരാം എന്നത് ശരിയാണ്. സ്കർവി എന്നാണ് ആ അവസ്ഥക്ക് പറയുന്ന പേര്. എന്നാൽ ഇത് കപ്പൽ യാത്രക്കാരിലും ഭക്ഷണം ശരിയായി കഴിക്കാത്തവർക്കും ഗർഭിണികളിലും മാത്രമേ സാധാരണയായി കാണാറുള്ളൂ.

ബ്രഷിനേക്കാൾ വളരെ കട്ടിയുള്ള ഭക്ഷണ സാധനങ്ങൾ വരെ കഴിച്ചാൽ പോലും മുറിയാത്തത്ര ശക്തമാണ് ആരോഗ്യമുള്ള മോണകൾ. അതിനാൽ ആരോഗ്യമുള്ള മോണയിൽ ബ്രഷുകൾ കൊണ്ടാൽ രക്തം വരാൻ സാധ്യതയില്ല.

മോണയിൽ നിന്ന് ചോര പൊടിയുന്നതിന്റെ പ്രധാന കാരണം മോണരോഗമാണ്. അഴുക്കുള്ളയിടങ്ങളിൽ ബാക്റ്റീരിയ അധികം ഉണ്ടാകുന്നു. ഇതിനെ പ്രതിരോധിക്കാനായി മോണയിൽ രക്തം കൂടുതാലായി നിലനിർത്താൻ ശരീരം ശ്രമിക്കുന്നു. അപ്പോഴാണ് ചെറിയ സ്പർശനത്താൽ തന്നെ രക്തം വരാനിടയാകുന്നത്. പലരും ബ്രഷ് കൊണ്ടിട്ടാണ് രക്തം പൊടിയുന്നതെന്ന് കരുതി ആ ഭാഗങ്ങളിൽ ബ്രഷ് ചെയ്യാതിരിക്കുകയും അത് പ്രശ്നം കൂടുതൽ വഷളാക്കുകയും ചെയ്യും. ഡന്റിസ്റ്റിനെ കണ്ട് ചികിത്സയെടുക്കുകയാണ് മോണയിൽ നിന്ന് രക്തം വരുന്നത് ശ്രദ്ധയിൽ പെട്ടാൽ ചെയ്യേണ്ടത്.

എത്ര വയസ്സുമുതലാണ് പല്ലു തേക്കേണ്ടത് തിരുത്തുക

പല്ലുകൾ മുളച്ചു വരുന്നതു മുതലേ തേക്കണം. അല്ലാതെ അതിനു പ്രത്യേക പ്രായമൊന്നുമില്ല. പല്ലിൽ പറ്റിപ്പിടിക്കാവുന്ന ഭക്ഷണശകലങ്ങളിൽ ബാക്റ്റീരിയ ആസിഡ് ഉണ്ടാക്കുകയും ഈ ആസിഡ് പല്ലിനെ ദ്രവിപ്പിച്ച് ദ്വാരം ഉണ്ടാക്കുകയും ചെയ്യും. ചെറിയ ദ്വാരം രൂപപ്പെട്ടാൽ അതിൽ കൂടിയ അളവിൽ ഭക്ഷണം തങ്ങിയിരിക്കുകയും ദ്വാരം വളരെപ്പെട്ടന്ന് വലുതായി പല്ലു തന്നെ പൊടിഞ്ഞു പോകാനും ഇടയുണ്ട്. അതിനാൽ തുടക്കത്തിലേ ശ്രദ്ധിക്കണം. അമ്മമാർ അവരുടെ വിരലിൽ ഘടിപ്പിക്കാവുന്ന തരത്തിലുള്ള ബ്രഷ് ഉപയോഗിക്കാം. രാത്രി ഉറങ്ങുന്നതിനു മുൻപ് പല്ലു തേക്കുന്നതും നന്ന്. ഉറക്കത്തിനിടക്ക് പാൽ കുടിക്കുന്നുവെങ്കിൽ പല്ലുകൾ വ്ര്6ത്തിയുള്ള തുണികൊണ്ട് (മുൻപല്ലുകൾ) തുടക്കാനെങ്കിലും ശ്രദ്ധിക്കണം.

ഏതു പേസ്റ്റാണ് നല്ലത്? ബ്രഷ് എത്ര കാലം ഉപയോഗിക്കാം.? തിരുത്തുക

പേസ്റ്റ് നമ്മൾ ഉപയോഗിക്കുന്ന സോപ്പ് പോലെ പല്ല് തേയ്ക്കുന്നതിനെ എളുപ്പമാക്കുന്നു എന്നു മാത്രം. എല്ലാത്തരം പേസ്റ്റുകളും ഏതാണ് ഒരുപോലെ തന്നെ. പേസ്റ്റിൽ ഫ്ലൂറൈഡ് ചേർക്കുന്നത് ദ്വാരം ഉണ്ടാവുന്നതിനെ ഒരു അളവിൽ ചെറുക്കും അതിനാൽ ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. വെളുക്കാനായി പരസ്യപ്പെടുത്തുന്ന പേസ്റ്റുകളിൽ ഹാനികരമായ രാസപദാർത്ഥങ്ങൾ ഉണ്ടാകാം. അതെ പോലെ പേസ്റ്റ് ഉപയോഗിച്ചതുകൊണ്ട് പല്ലിനു കേടുണ്ടാകാതിരിക്കുകയുമില്ല. എങ്ങനെ, എത്ര വൃത്തിയായി എത്ര തവണ തേക്കുന്നു എന്നതിലാണ് കാര്യം.

അധികം കനമില്ലാത്ത ബ്രഷുകള് ഉപയോഗിക്കുകയാണ് വേണ്ടത്. ബ്രഷിലെ നാരുകൾ (Bristles) വളഞ്ഞ് പുഷ്പിക്കുന്ന അവസ്ഥയിൽ അത് മാറ്റേണ്ടതാണ്. ബ്രഷ് ചെയ്യുന്ന മർദ്ദം അനുസരിച്ച് ഇത് പെട്ടന്നോ താമസിച്ചോ ആകാം. ആഴ്ചകൾക്കുള്ളിൽ ബ്രഷ് വിടരുകയാണെങ്കിൽ മർദ്ദം അധികമാണെന്നാണർത്ഥം. പല്ല് തേയ്മാനം വരാൻ കാരണം അധികമർദ്ദമാണ്. വൈകിയാണെങ്കിൽ മർദ്ദം പോര എന്നും. ശരിയായി വൃത്തിയാവാനുള്ള മർദ്ദം ഉണ്ടായിരിക്കം. ശരിയായ മർദ്ദം ഉപയോഗിച്ചാൽ നല്ല ഒരു ബ്രഷ് 2 മുതൽ 6 മാസം വരെ ഉപയോഗിക്കാം.

എന്റെ പല്ല് ചന്ദന കളറിലാണ്. കാണുന്നവർ പല്ലുതേക്കാത്തത്കൊണ്ടാണെന്ന് പറഞ്ഞിരുന്നതിനാൽ ഞാൻ ശ്രമപ്പെട്ട് ബ്രഷ് ചെയ്യ്ത് വെളുപ്പിക്കാൻ ശ്രമിച്ചിരിന്നു. മഞ കളർ വരാൻ എന്താണ് കാരണം? തിരുത്തുക

ഉ: പല്ലിൽ ചന്ദന നിറം വരാൻ കാരണം പല്ല് രൂപപ്പെട്ടുവന്നപ്പോഴുള്ള തകരാണ്.എല്ലാ പല്ലിനും ഒരേ നിറത്തിലാണെങ്കിലാണ് എങ്കിൽ ഇൻ‌ട്രിൻസിക് സ്റ്റെയിൻ (ആന്തരീകമായ നിറവ്യത്യാസം) എന്ന അവസ്ഥയാണ്. പല്ലിന്റെ ഉൾഭാഗത്തുള്ള ഡന്റിനിലാണ് ഈ നിറവ്യത്യാസം ഉണ്ടായിരിക്കുക. പുറമേയുള്ള ഇനാമലിലൂടെ ഇത് പൂറമേക്ക് കാണുന്നു എന്നു മാത്രം. ഡെന്റിനോ ജെനസിസ് ഇമ്പെർഫെക്റ്റ എന്ന അവസ്ഥ ഒരു കാരണമായി പറയുന്നുണ്ട്. ചില മരുന്നുകൾ കുഞ്ഞു നാളിൽ കഴിക്കേണ്ടിവന്നിട്ടുള്ളവർക്ക് (ഉദാ: ടെട്രാസൈക്ലിൻ) ഇത്തരം നിറവ്യത്യാസം കണ്ടേക്കാം.

പല്ല് കൂടുതൽ തേച്ചതുകൊണ്ട് ഉൾഭാഗത്തെ നിറം മാറില്ലല്ലോ.പല്ല് പെട്ടന്ന് തേഞ്ഞുപോകാനേ സഹായിക്കൂ. ഇതിനുള്ള പ്രതിവിധി വനീറിങ്ങ് എന്ന ദന്തചികിത്സയാണ്. പ്ലൈവുഡിലും മറ്റും വനീറ് പിടിപ്പിക്കുന്നതുപോലെ പല്ലിന്റെ മുകളിലും ഉൾഭാഗത്തെ മറക്കുന്ന തരത്തിൽ പല്ലിന്റെ നിറത്തിലുല്ല വനീർ പിടിപ്പിക്കുന്നു. ക്യാപ്പ് ചെയ്യുന്നതാണ് മറ്റൊരു രീതി.

പല്ലിന് മഞ്ഞ നിറം നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചും വരാം. ഇതിനു ബ്ലീച്ചിങ്ങ് (External dental bleaching) ചെയ്താൽ വ്യത്യാസം ഉണ്ടാകും. കാർബമൈഡ് പെറോക്സൈഡ് ഉപയ്ഓഗിച്ച് ഡന്റിന്റെ സഹായത്തോടെയും അല്ലാതെയും ബ്ലീച്ചിങ്ങ് ചെയ്യാം.

വിഴ്ചകൊണ്ട് മുൻ വശത്തെ ഒരു പല്ല് ഡാർക്ക് കളറായി ഇതൊഴിവാക്കാൻ മാർഗ്ഗമുണ്ടോ? തിരുത്തുക

ഇനി ഏതെങ്കിലും ഒരു പല്ല് മാത്രം നിറം മാറി വരികയാണെന്നു കരുതുക; അതിനു നിരവധി കാരണങ്ങൾ ഉണ്ട്. കറപിടിക്കുന്നതും പല്ലിന് ശക്തിയായ ക്ഷതം (accidental impact) ഏൽക്കുന്നതുമാണ് അവയില് പ്രധാനം. കറ ക്ലീൻ ചെയ്ത് നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ചെറുപ്പത്തിലോ മറ്റോ താഴെ വീണോ, എവിടെയെങ്കിലും മുട്ടിയോ മുൻ‌പല്ലുകൾക്ക് ക്ഷതം (ആന്തരികമായി) ഏറ്റിറ്റുണ്ടെങ്കിൽ പിൽക്കാലത്തെ ആ പല്ല്/പല്ലുകൾക്ക് സാവാധാനത്തിൽ നിറവ്യത്യാസം വരാറുണ്ട്. പല്ലിന്റെ ഉള്ളിലെ കേടായ പൾപ്പിൽ നിന്നും വരുന്ന വാതകങ്ങൾ ഇനാമലിനുള്ളിലെ മൃദുവായ ഡന്റിനെ നിറവ്യത്യാസം വരുത്തുന്നതാണ് ഇതിനു കാരണം. ചിലർക്ക് ഈ പല്ലിന് വേദന/പഴുപ്പ് ഉണ്ടാവാറുണ്ട്. റൂട്ട്കനാൽ ചികിത്സ ചെയ്ത ശേഷം ഇന്റേർണൽ ബ്ലീച്ചിങ്ങ് (Walking bleach) അല്ലെങ്കിൽ ക്യാപ്പ് ഇടുകയാണ് ഇതിനുള്ള ചികിത്സ.

എന്റെ 6 വയസ്സുള്ള മകന്റെ പല്ല് നേരെ ചൊവ്വെയല്ല വരുന്നത്. ഡന്റിസ്റ്റിനെ കാണിച്ചപ്പോൾ 12 വയസ്സ് കഴിയട്ടെ എന്നു പറയുന്നു. ഇതിനു കാരണമെന്താണ്? തിരുത്തുക

പല്ലിൽ കട്ടകൾ (braces) ഒട്ടിച്ച് ദന്തവൈകൃതങ്ങൾ ശരിയാക്കുന്ന ചികിത്സ (Orthodontics) ചെയ്യേണമെങ്കിൽ പല്ലുകളുടെ വേരുകൾ പൂർണ്ണമായും രൂപപ്പെട്ടിരിക്കണം. മാത്രവുമല്ല പല്ലുകൾ എല്ലാം പുറത്തെക്ക് മുളച്ചു വന്നിരിക്കുകയും വേണം. ഇക്കാരണത്താലാണ് പല്ലുകളിൽ ഉറപ്പിച്ച് ഘടിപ്പിക്കുന്ന രീതിയിലുള്ള ചികിത്സക്ക് പല്ലുകൾ എല്ലാം മുളക്കണം അല്ലെങ്കിൽ 12-14 വയസ്സുവരെ കാക്കണം എന്നു പറയുന്നത്.

6-9 വയസ്സുവരെയുള്ളകുട്ടികളുടെ മുൻ ഭാഗത്തെ പല്ലുകളുടെ ഇടയിൽ വിടവ് രൂപപ്പെട്ടുവരുന്നതു ചില മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാറുണ്ട്. ഇത് മിക്കവാറും താൽകാലിമായ പ്രതിഭാസം (Ugly duckling stage) ആണ്. മോണക്കകത്തുള്ള (മുളച്ചുവരാൻ സമയമാവാത്ത) കോമ്പല്ല് നേരത്തേ മുളച്ചു വന്ന പലകപ്പല്ലിനെ വേരിനെ ഉള്ളിൽ നിന്നും അമർത്തുന്നതിനാലാണ് ഈ വിടവ് കാണപ്പെടുന്നത്. ഈ അവസ്ഥ കോമ്പല്ല് മുളച്ചു വരുന്നതോടെ അഥവാ 12-14 വയസ്സാവുമ്പോഴേക്കും അപ്രത്യക്ഷമാകാം. ഇക്കാരണത്താലും നേരത്തേ കമ്പിയിടുന്നത് ഒഴിവാക്കാറുണ്ട്.

എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ചെറിയ പ്രായത്തിൽ തന്നെ കമ്പിയിടേണ്ടി വന്നേക്കാം. മുകളിലെ പലകപ്പല്ലുകൾ താഴേയുള്ളവയുടെ ഉൾഭാഗത്തേക്ക് (സാധാരണ വേണ്ടതിന്റെ എതിരായി) മുളച്ചു വരികായാണെങ്കിൽ അതിനെ ക്രോസ് ബൈറ്റ് എന്നാണ് പറയുക. ഇത് എപ്പോൾ ദൃശ്യമാകുന്നുവോ അപ്പോൾ തന്നെ (എത്രയും പെട്ടന്ന്) ചികിത്സിക്കേണ്ട ഒരു അവസ്ഥയാണ്. വൈകിയാൽ കീഴ്താടി അനിയന്ത്രിതമായി വളർന്ന് മുഖം വിരൂപമാവാനും താഴത്തെ പല്ലുകൾക്ക് ക്ഷതം മേൽക്കാനും സാധ്യതയുണ്ട്. എല്ലിനെ തന്നെ ബാധിച്ചേക്കാവുന്ന പ്രോഗ്ഗ്നാന്തിസം (Skeletal Prognathism) എന്ന ഈ അവസ്ഥക്ക് മുതിർന്നു കഴിഞ്ഞാൽ (പെൺകുട്ടികൽക്ക് 13-14 വയസ്സ് ആൺകുട്ടികൾക്ക് 18-23) ശസ്ത്രക്രിയയാണ് പ്രതിവിധി.

മറ്റൊരു പ്രത്യേക സാഹചര്യം കീഴ്/മേൽ താടിയെല്ലിനുണ്ടാകുന്ന വളർച്ചാ വ്യത്യാസമാണ്. എല്ലിനുണ്ടാവുന്ന വളർച്ച വ്യത്യാസം മൂലം പലപ്പോഴും പല്ലുകൾ പൊന്തിയതായി തോന്നാമെങ്കിലും യഥാർത്ഥ കാരണം എല്ലിലായിരിക്കും. ഇത്തരം അവസ്ഥക്ക് കുട്ടിക്ക് പ്രായപൂർത്തിയാകുന്നതിനു മുൻപ് (എല്ലിന്റെ വളർച്ച പൂർണ്ണമാവുന്നതിനു മുൻപ്) ഓർത്തോപീഡിക് ചികിത്സ ചെയ്താൽ എളുപ്പം മാറാവുന്നതേയുള്ളൂ. . വളർന്നതിനുശേഷമാണെങ്കിൽ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

മേൽ പറഞ്ഞ കാരണങ്ങൾ ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാം. ആവശ്യമെങ്കിൽ മറ്റു രണ്ടു ഡന്റിസ്റ്റുമാരുടേയും (Third opinion) നിർദ്ദേശം ആരായണം. ഓർത്തോഡോണ്ടിസ്റ്റിന്റെ അഭിപ്രായം ആരായുന്നതും നന്ന്.

ദന്തക്ഷയം എന്നാൽ എന്താണ്? കാരണങ്ങൾ എന്തൊക്കെ? തിരുത്തുക

ഉ: പല്ലിൽ ദ്വാരം ഉണ്ടാവുന്നതിനെയാണ് ദന്തക്ഷയം എന്നു പറയുന്നത്. അവക്ക് പ്രധാനമായും 3 കാരണങ്ങൾ, അവ മൂന്നും ഉണ്ടായാൽ മാത്രമേ ദന്തക്ഷയം ഉണ്ടാക്കൂ. 1. ഭക്ഷണം 2. ബാക്റ്റീരിയ 3. സമയം. ഈ മൂന്നു കാരണങ്ങൾ ഒന്നിച്ചാൽ മാത്രമേ ദന്തക്ഷയം ഉണ്ടാകൂ. ഭക്ഷണത്തിൽ (പല്ലിൽ തങ്ങിയിരിക്കുന്ന) ബാക്റ്റീരിയ പ്രവർത്തിക്കണം അതും കുറേ സമയം. ഈ ബാക്റ്റീരിയ ഭക്ഷണത്തിലെ കാർബോഹൈഡ്രെറ്റിനെ അമ്ലമാക്കി മാറ്റുന്നു. ഈ അമ്ലതയാണ് ഇനാമലിനെ ക്ഷയിപ്പിച്ച് ദ്വാരം ഉണ്ടാക്കുന്നത്.

ഈ കാരണങ്ങളിൽ ഏതെങ്കിലും ഒന്നിനെ ഇല്ലായ്മ ചെയ്താൽ ദന്തക്ഷയത്തെ ചെറുക്കാം. ബാക്റ്റീരിയയെ നമുക്ക് പൂർണ്ണമായും മറ്റാനാവില്ല. അപ്പോൽ ചെയ്യാവുന്നത് ഭക്ഷണത്തിന്റെ അംശം തങ്ങി നിൽകാൻ ഇടവരുത്താതിരിക്കുക എന്നതാണ്. ഭക്ഷണം കഴിച്ച ശേഷം വായ് ശരിയായി വൃത്തിയാക്കുന്നതും ശരിയായി പല്ലു തേക്കുന്നതും ദന്തക്ഷയത്തെ ചെറുക്കും.

ഇതു കൂടാതെ അമ്ലത കൂടിയ പാനിയങ്ങൾ സ്ഥിരമായി കഴിക്കുന്നവർക്കും പുളിച്ചു തികട്ടൽ ഉള്ളവർക്കും പല്ലുകൾ ക്ഷയിച്ചു പോകുന്നതായി കണ്ടുവരുന്നു.


എന്റെ മകന്റെ പല്ലിനു കോട്ടിൽ പൊത്തുകൾ ഉണ്ട്. ഇക്കാരണത്താൽ മകനു ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നു. തീറ്റ കുറയുന്നു. ഡോക്ടറെ കാണിച്ചപ്പോൾ പൊത്ത് അടക്കുകയും വേദന കാരണം അടച്ചത് ഒഴിവാക്കുകയും ചെയ്തു. ശേഷം ഡോക്ടർ പറഞ്ഞു വേരറുക്കണമെന്ന് .തുടർന്ന് മറ്റൊരു കുട്ടികളെ ഡോക്ടറെ കണ്ടപ്പോൾ വീണ്ടും വരാനുള്ള പല്ല് ആയത് കൊണ്ട് തൽകാലം ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞു ടോണിക്ക് കുറിച്ചു തന്നു? എന്താണീ വേരറുക്കുക എന്ന് പറഞ്ഞാൽ? തിരുത്തുക

വേരറുക്കുക എന്നാൽ വേരിനുള്ളിലെ ഞരമ്പുകൾ നീക്കം ചെയ്യുക എന്നായിരിക്കും ഡോക്റ്റർ ഉദ്ദേശിച്ചത്. കുട്ടികളായാലും മുതിർന്നവരായാലും പൊത്തുകൾ (ദന്തക്ഷയം) വലിയതായാൽ അത് പല്ലിനുള്ളിലെ ഞരമ്പുകളെ ബാധിക്കും. ഞരമ്പിനടുത്തെത്തിയാൽ തന്നെ വേദന തുടങ്ങും. ആദ്യം ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ വേദന ഉണ്ടാവൂ എങ്കിൽ, ദ്വാരം അല്പം കൂടി വലുതായാൽ പിന്നെ കാരണം ഒന്നുമില്ലാതെ തന്നെ വേദനയും അതോടൊപ്പം നീരും വരാം. പഴുപ്പ്, ചലം എന്നിവ ഉണ്ടാകാം. ചെറിയ പൊത്തുകൾ ആദ്യമേ തന്നെ അടക്കുകയാണ് ഇതിൻറെ തടയാനുള്ള വഴി. പലപ്പോഴും മാതാ പിതാക്കൾ ഇത് ശ്രദ്ധിക്കാറില്ല. വേദന വരുമ്പോൾ മാത്രമേ അവർ കാര്യം അറിയാറുള്ളൂ. അപ്പോഴേക്കും വൈകി പോയിരിക്കും. എല്ലാവർഷവും ദന്ത പരിശോധന വേണ്ടതിൻറെ ആവശ്യകതായാണ് ഇത് സൂചിപ്പിക്കുന്നത്.

ചിലപ്പോൾ അടച്ച പല്ലുകളുടെ അടിയിലെ ദ്വാരം വലുതായി ഞരമ്പിലേക്ക് വ്യാപിച്ചാലും ഈ അവസ്ഥ ഉണ്ടാകാം.

ഇനി ഇതിൻറെ പ്രതിവിധി: പാൽ പല്ലുകൾക്കുള്ളിലെ കേടായ ഞരമ്പും ധമനികളും മറ്റും നീക്കം ചെയ്ത് പിന്നീട് അണുബാധയുണ്ടാക്കാത്ത തരത്തിൽ അടക്കുകയാണ് ചികിത്സ. പൾപെക്റ്റമി എന്നാണിതിനു പേര്. ചില സ്ഥലങ്ങളിൽ ഗ്രാമ്യ ഭാഷയിൽ വേരറുക്കുക എന്നും പറയുന്നു. ഇത്തരത്തിൽ വേരിനുള്ളിൽ അടക്കുന്ന വസ്തു പിന്നീട് സ്ഥിരമായ പല്ലുവരുമ്പോൾ തടസ്സം വരാത്ത തരത്തിലായിരിക്കും. പൾപെക്റ്റമി ചെയ്യുന്നത് അല്പം വിഷമം ഉള്ള കാര്യമാണ്. പ്രത്യേകിച്ചും കൊച്ചു കുട്ടികൾ സഹകരിക്കുകയില്ല എങ്കിൽ. അത്തരം വേളകളിൽ കുട്ടികളുടെ വിദഗ്ദനെ കാണുകയാണ് ഉത്തമം.

വീണ്ടും വരാനുള്ള പല്ലുകളാണെങ്കിലും പാൽ‍പല്ലുകൾക്ക് ചില ധർമ്മങ്ങൾ നിറവേറ്റാനുണ്ട്. 1) ഭക്ഷണം ചവക്കാൻ, സംസാരം, മുഖ ഭംഗി എന്നിവയെ സഹായിക്കുക 2) സ്ഥിര ദന്തങ്ങൾ വരുന്നതിനു വഴികാട്ടിയാവുകയും സ്പേസ് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യുക.

ഒരോ പല്ലും ഒരോ സമയത്താണ് മുളച്ചു വരുന്നത്. സ്ഥിര ദന്തങ്ങൾ മുളച്ചു വരുന്നത്പാൽ പല്ലുകളുടെ വേരിൻറെ സ്ഥാനത്താണ്, ഇങ്ങനെ പാൽ പല്ലുകൾ ആടാൻ തുടങ്ങുകയും ക്രമേണ ആട്ടം കൂടി പല്ലു അടർന്നു വീഴുകയും ചെയ്യും. എന്നാൽ സ്ഥിര ദന്തം വരുന്നതിനു മുൻപേ തന്നെ പാൽ പല്ലുകൾ എന്തെങ്കിലും കാരണവശാൽ എടുത്തു കളഞ്ഞാൽ സ്ഥിര ദന്തം വരാനുള്ള വഴി തെറ്റാന് സാധ്യതയുണ്ട്. വളരെ കാലം മുൻപേ എടുത്തു കളയുകയാണെങ്കിൽ ചിലപ്പോൾ മുളച്ചു വന്ന സ്ഥിരദന്തങ്ങൾ തമ്മിൽ അടുക്കാനും വരാനുള്ള പല്ലിന് സ്ഥലമില്ലാതാകുകയും ചെയ്തേക്കാം. അതിനാൽ പല്ല് വരാറായോ എന്നു (എക്സ്-റെ മറ്റും എടുത്ത്) ഉറപ്പാക്കിയശേഷമേ പാൽ പല്ല് എടുക്കാവൂ.

പല്ലിനു ദ്വാരം വരാതിരിക്കാൻ ടോണിക്കുകളൊന്നും നിലവിലില്ല. കാത്സ്യം അടങ്ങിയ മരുന്നുകൾക്കോ ടോണിക്കിനോ ദ്വാരത്തെ ചെറുക്കാനുള്ള ശേഷിയുമില്ല.

പല്ലിൽ ദ്വാരം വരുന്നത് പാരമ്പര്യം മൂലമാണോ? തിരുത്തുക

പല്ലിൽ ദ്വാരം വരുന്നതിനു പാരമ്പര്യം ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വ്യത്യസ്ഥ സാഹചര്യങ്ങളിൽ വളർന്ന ഇരട്ടക്കുട്ടികളിൽ നടത്തിയ പഠനങ്ങളിൽ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. [2]

ചില വ്യക്തികൾഊടെ ഉമിനീർ ഗ്രന്ഥികളിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോലൈൻ നിറഞ്ഞ മാംസ്യവുമായും ദന്തക്ഷയത്തിന് ബന്ധം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതും പാരമ്പര്യമായി ബന്ധപ്പെട്ടതാണ്. [3] ടർക്കിയിലെ വിദ്യാർത്ഥികളിൽ നടത്തിയ പഠനങ്ങളിൽ നിന്നും ഇനാമൽ നിർമ്മാണത്തെ നിയന്ത്രിക്കുന്ന ജീനും ദന്തക്ഷയത്തിന്റെ തോതിനെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. [4] ദ്വാരം ഉണ്ടാകുന്നത് പാരമ്പര്യം കൊണ്ട് അല്ല മറിച്ച് പല്ലുകളിൽ പറ്റിയിരിക്കുന്ന ഭക്ഷണത്തിൽ അണുക്കൾ വിഘടിപ്പിച്ച് ഉണ്ടാകുന്ന അമ്ലം മൂലമാണ്. എങ്കിലും പാരമ്പര്യമായി ചിലർക്ക് ഇതിന്റെ തോത് കൂടുതലായി കാണുന്നു എന്നു മാത്രം.


അവലംബം തിരുത്തുക

  1. Ref: Braz. oral res. vol.19 no.1 São Paulo Jan./Mar. 2005
  2. J P Conry, L B Messer, J C Boraas, D P Aeppli, T J Bouchard Jr Dental caries and treatment characteristics in human twins reared apart.
  3. Human parotid proline-rich proteins: correlation of genetic polymorphisms to dental caries. P L Yu, D Bixler, P A Goodman, E A Azen, R C Karn http://lib.bioinfo.pl/pmid:3721193
  4. Enamel Formation Genes Are Associated with High Caries Experience in Turkish Children. A Patir, F Seymen, M Yildirim, K Deeley, M E Cooper, M L Marazita, A R Vieira Department of Pedodontics, Istanbul University, Istanbul, Turkey.