ഡെബിയൻ/സംഘടന
സംഘടന
തിരുത്തുകഡെബിയൻ പദ്ധതി, ഡെബിയൻ ഭരണഘടനയും പദ്ധതിയുടെ നടത്തിപ്പിനായി പറഞ്ഞുവച്ചിരിക്കുന്ന സാമൂഹികകരാറിനേയും അടിസ്ഥാനമാക്കിയാണ് മുൻപോട്ട് പോകുന്നത്. ഇതു പ്രകാരം പദ്ധതിയുടെ പ്രഥമമായ ലക്ഷ്യമെന്നത് ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനു രൂപം കൊടുക്കുക എന്നതാണ്.
ഡെബിയൻ ഏതാണ്ട് മൂവായിരത്തിലധികം സന്നദ്ധപ്രവർത്തകരുടെ ശ്രമഫലമായാണ് രൂപം കൊള്ളുന്നത്. ഇതിനെ പിന്തുണയ്ക്കുന്നത് ലോകമെമ്പാടുമുള്ള ലാഭേച്ഛയില്ലാത്ത സംഘടനകൾ അവരുടെ സംഭാവനകളിലൂടെയാണ്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സോഫ്റ്റ്‌വെയർ ഇൻ പബ്ലിക്ക് ഇന്ററെസ്റ്റ് ആണ്. ഡെബിയൻ പദ്ധതി അങ്ങനെ മറ്റ് പല ലിനക്സ് വിതരണങ്ങളായ ഉബുണ്ടു, ഓപ്പൺസ്യൂസ്, മാൻഡ്രിവ, ഫെഡോറ, മിന്റ് എന്നിവയിൽ നിന്ന് വിപരീതമായി സ്വതന്ത്രവും വികേന്ദ്രീകൃതവുമായ ഒരു ചട്ടക്കൂടിൽ വിന്യസിച്ചിരിക്കുന്നു.
കോക്കോമോ മോഡൽ പ്രകാരമുള്ള അനുമാനത്തിൽ ഡെബിയൻ 5.0 ലെന്നി (കോഡെഴുത്തിൽ 32.3 കോടി വരികൾ) നിർമ്മിക്കാൻ ഏതാണ്ട് 80 കോടി അമേരിക്കൻ ഡോളർ ചിലവ് വരും. ഓഹ്ലോ അനുമാനിച്ചതു പ്രകാരം അടിത്തറയ്ക്ക് മാത്രം (5.4 കോടി വരികൾ) ഏതാണ്ട് പത്ത് കോടിയിലധികം നിർമ്മാണച്ചിലവ് വരും.
ഡെബിയൻ ഒരു സാമൂഹിക ഉടമ്പടി സൃഷ്ടിച്ചിട്ടുണ്ട്. ഡെബിയൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ നയരേഖകൾ ഇതിന്റെ ഭാഗമാണു്. ഒരു സോഫ്റ്റ്‌വെയർ ഡെബിയന്റെ ഭാഗമാണോ അല്ലയോ എന്നു തീരുമാനിക്കുന്നതു ഈ നയരേഖകളെ അടിസ്ഥാനപ്പെടുത്തിയാണു്. ഡെബിയൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ നയരേഖകളിൽ നിന്നാണു ഓപൺ സോഴ്സ് നിർവചനം രൂപീകരിച്ചത്.