ജെഡികെ: ജാവ ഡെവലപ്‌മെന്റ് കിറ്റ്‌--==== ജാവ അപ്ലിക്കേഷനുകൾ ഉണ്ടാക്കാൻ സഹായിക്കുന്ന നിരവധി ഡെവലപ്‌മെന്റ് ടൂളുകൾ ലഭ്യമാണെങ്കിലും ഒറാക്കിളിന്റെ ജാവ ഡെവലപ്‌മെന്റ് കിറ്റ്‌ ആണ് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. ജെഡികെ (JDK - JAVA Development Kit) തന്നെയാണ് ജാവ പ്രോഗ്രാമുകളിൽ ഏറിയ പങ്കും ജാവാ പ്രോഗ്രാം ഡെവലപ്‌മെന്റിനായി ഉപയോഗിക്കുന്നത് .

ജാവ പ്രോഗ്രാമിംഗ് ലാംഗ്വേജുകളിലെഴുതിയിട്ടുള്ള അപ്ലിക്കേഷനുകളും ആപ്പ്‌ലെറ്റുകളും കംപൈൽ ചെയ്യുവാനും പ്രവർത്തിപ്പിക്കുവാനും ആവശ്യമുള്ള എല്ലാവിധ സോഫ്റ്റ്‌വെയർ പാക്കേജുകളും ടൂളുകളും അടങ്ങിയിട്ടുള്ളതാണ് ജെഡികെ. ജാവ ഡെവലപ്‌മെന്റ് കിറ്റിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ പ്രധാനമായും താഴെ കൊടുത്തവയാണ്.

  1. ജാവ പാക്കേജുകളും അതിനുള്ളിൽ അടങ്ങിയിട്ടുള്ള നിരവധി ക്ലാസുകളും (Packages and classess)
  2. ജാവ കംപൈലർ (Java Compiler)
  3. ജാവ ഡിബഗ്ഗർ (Java Debugger)

ജെഡികെയുടെ bin ഡയറക്ടറിയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ചില ഉപകരണങ്ങളെ ഇവിടെ പരിചയപ്പെടുത്താം.

ജാവസി - javac

ജാവ കംപൈലറാണ് javac. ഈ ഉപകരണത്തിന്റെ സഹായത്താലാണ് സോർസ് കോഡായ java ഫയലിനെ ബൈറ്റ് കോഡ് ആക്കി മാറ്റുന്നത്. ബൈറ്റ് കോഡ് ഫയൽ .class എക്‌സ്റ്റൻഷനോട് കൂടിയാണ് ഉണ്ടാവുക. javac-യുടെ പദവിന്യാസം(syntax), javac [option] output-filename എന്നാണ്, ഇതിൽ [option] പേര് സുചിപ്പിക്കുന്നതുപോലെ ഐച്ഛികമാണ്(optional). അതായത് javacയുടെ കൂടെ എപ്പോഴും നല്കണമെന്ന് നിർബന്ധമില്ല. d, -classpath എന്നിവയാണ് പ്രധാനപ്പെട്ട ചില ഓപ്ഷനുകൾ. ഇതിൽ - classpath-ന്റെ കൂടെയാണ് .class ഫയലുകളുടെ path നല്കുന്നത്. അതുപോലെ -d യുടെ കൂടെ നല്കുന്ന ഡയറക്ടറിയിലായിരിക്കും കംപൈൽ ചെയ്തു കിട്ടുന്ന .class ഫയൽ സേവ് ചെയ്യപ്പെടുന്നത്.

ജാവ ഉപകരണങ്ങളാണ് ഇന്റർപ്രറ്ററായി പ്രവർത്തിച്ച് ബൈറ്റ്‌കോഡിനെ (bytecode)നെ പ്രവർത്തിപ്പിക്കുന്നത്. ജാവ അപ്ലിക്കേഷൻ പ്രോഗ്രാമുകളാണ് പൊതുവെ ജാവ ഉപകരണങ്ങളുപയോഗിച്ച് പ്രവർത്തിപ്പിക്കുന്നത്.

പദവിന്യാസം: java [option] class-filename

ആപ്പ്‌ലെറ്റ് വ്യൂവർ (appletviewer)

ആപ്പ്‌ലെറ്റ് പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനുള്ള ഉപകരണമാണിത്. ആപ്പ്‌ലെറ്റുകൾ ബ്രൗസറിലാണ് ശരിക്കും തുറന്ന് പ്രവർത്തിപ്പിക്കേണ്ടത്. അതേ സമയം ആപ്പ്‌ലെറ്റിന്റെ പ്രവർത്തനം വിലയിരുത്തുവാൻ appletviewer ഉപയോഗിക്കാവുന്നതാണ്. പദവിന്യാസം: appletviewer url ഇവിടെ url ആയി നല്‌കേണ്ടത് ആപ്പ്‌ലെറ്റ് അടങ്ങിയിട്ടുള്ള .html ഫയലിന്റെയോ, .java ഫയലിന്റെയോ പേരാണ്.

ജാവ എഡിറ്റർ:

ജാവ പ്രോഗ്രാം ടൈപ്പ് ചെയ്യുന്നതിന് പ്രത്യേക നൈപുണ്യമുള്ള ഒരു എഡിറ്റർ അത്യാവശ്യമില്ല. നിരവധി ജാവ എഡിറ്ററുകൾ ലഭ്യമാണെങ്കിലും ഏവർക്കും ലഭ്യമായ 'notepad' ലും ജാവ പ്രോഗ്രാമുകൾ ടൈപ്പ് ചെയ്ത് സേവ് ചെയ്യാവുന്നതാണ്.

ഇനി ഒരു ജാവ പ്രോഗ്രാം എഴുതി പ്രവർത്തിപ്പിക്കുന്നവിധം വിശദീകരിക്കാം.

1. നോട്ട്പാഡ് തുറന്ന് അതിൽ താഴെകൊടുത്തിരിക്കുന്ന ജാവ പ്രോഗ്രാം ടൈപ്പ് ചെയ്യുക.

വിൻഡോസിൽ നോട്ട്പാഡ് തുറക്കാൻ Start > Run> notepad എന്ന മാർഗ്ഗമോ അല്ലെങ്കിൽ Start > Programs > Accessories > Notepad എന്നോ ഉപയോഗിക്കാം.
യുണിക്സ്/ലിനക്സിൽ vi, gedit, emacs എന്നീ എഡിറ്ററുകളിലേതെങ്കിലും ഉപയോഗിക്കാം.

class Test {

public static void main(String[] args)
{
System.out.println("Welcome to WikiBooks");
}

} ഈ ഫയൽ Test.java എന്ന പേരിൽ സേവ് ചെയ്യണം.

2. അടുത്തതായി command prompt അല്ലെങ്കിൽ terminal തുറക്കുക.

വിൻഡോസിൽ - Start മെനുവിൽ 'Run' ഓപ്ഷനിൽ cmd എന്നോ commad എന്നോ ടൈപ്പ് ചെയ്താൽ കമാന്റ് വിൻഡോ ഓപൺ ചെയ്ത് വരും
യുണിക്സ്/ലിനക്സിൽ - xterm അല്ലെങ്കിൽ terminal ഉപയോഗിക്കാം.

3. കമാന്റ് വിൻഡോയിൽ ലഭിച്ചിട്ടുള്ള സ്വതവേയുള്ള പ്രോംപ്റ്റ് പാത്ത് (prompt) മാറ്റി, ജാവ ഫയൽ സേവ് ചെയ്തിട്ടുള്ള ഫോൾഡറിലേക്ക് മാറുക.

ഉദാഹരണമായി ജാവ ഫയൽ സേവ് ചെയ്തിട്ടുള്ളത് D:\JAVAPROG എന്ന ഫോൾഡറിലാണെങ്കിൽ കമാൻഡ് വിൻഡോയുടെ prompt -ഉം അതാക്കി മാറ്റണം.

4. നേരത്തെ സേവ് ചെയ്ത Test.java യെ ഇവിടെ വെച്ച് നമുക്ക് കംപൈൽ ചെയ്ത് bytecode ആക്കി മാറ്റാം. അതിനായി താഴെ കൊടുത്തിരിക്കുന്ന കമാന്റ് ടൈപ്പ് ചെയ്ത് പ്രവർത്തിപ്പിക്കണം. പദവിന്യാസം: javac Test.java

കുറിപ്പ്: java എന്ന കമാന്റ് പ്രവർത്തിക്കണമെങ്കിൽ ശരിയായി പാത്ത് ഉറപ്പിക്കേണ്ടതുണ്ട്

ഉദാഹരണത്തിന് JDKl 5.0 ഡ്രൈവിലാണ് ഉള്ളതെങ്കിൽ, D:\JAVAPROG>path=D:\JDK\5.0\bin എന്നാണ് നല്‌കേണ്ടത്.
ഇനി 'jdk' ഫോൾഡർ പ്രോഗ്രാം ഫയലിന്റെ ഉള്ളിലോ മറ്റോ ആണ് ഉള്ളതെങ്കിൽ D: പകരം അതെടുത്ത് ഇട്ടതിന് ശേഷം മുകളിൽ കൊടുത്ത രീതിയിൽ path സെറ്റ് ചെയ്താൽ മതി
മുകളിൽ കൊടുത്ത രീതിയിലല്ലാതേയും നമുക്ക് jdk bin ലേക്ക് path നല്കാവുന്നതാണ്. ഏത് രീതിയിലായാലും നിങ്ങളുടെ ഫോൾഡറിൽ ജാവ ഉപകരണങ്ങൾൾ ലഭ്യമാകണമെന്ന് മാത്രം.
Path സെറ്റ് ചെയ്ത് കഴിഞ്ഞാൽ നമ്മുടെ promptൽ ജാവ_ഉപകരണങ്ങൾ എല്ലാം ലഭ്യമാകും.

ഇത്രയും നല്കിയാൽ Test.java ഫയലിനെ കംപൈൽ ചെയ്ത് തെറ്റുകൾ (compile time error) ഒന്നും തന്നെയില്ലെങ്കിൽ Test.class എന്ന പേരിൽ bytecode ഉണ്ടാകും. അഥവാ കംപൈൽ ചെയ്യുമ്പോൾ Test.javaയിൽ വല്ല പദവിന്യാസ തെറ്റുകളും (syntax error) കാണപ്പെടുകയാണെങ്കിൽ കംപൈലർ പിശകുണ്ടെന്നറിയിക്കും(Error message). നോട്ട്പാഡിൽ .java ഫയൽ തുറന്ന് പദവിന്യാസ തെറ്റുകൾ നീക്കം ചെയ്തശേഷം ഫയൽ സേവ് ചെയ്ത് വീണ്ടും കംപൈൽ ചെയ്യണം. ഒരു തെറ്റും(error) ഇല്ലെങ്കിൽ .class ഫയൽ ഉണ്ടാക്കിയ ശേഷം prompt പ്രദർശിപ്പിക്കും.

5. Dir(വിൻഡോസ്) അല്ലെങ്കിൽ ls(യുണിക്സ്) കമാന്റുപയോഗിച്ച് .class ഫയലിന്റെ ലഭ്യത വേണമെങ്കിൽ പരിശോധിച്ചറിയാം.

ഇങ്ങനെ ലഭിച്ച bytecodeനെ പ്രവർത്തിപ്പിക്കാനായി 'java' ഉപകരണമാണ് ഉപയോഗിക്കേണ്ടത്. 'D:\JAVAPROG>java Test' java കമാന്റിന്റെ കൂടെ .class ഒഴിവാക്കി ഫയലിന്റെ പേര് മാത്രം നല്കിയാൽ മതി.

പ്രോഗ്രാമിന്റെ വിശദാംശങ്ങൾ

ഇനി മുകളിൽ തന്ന പ്രോഗ്രാം വിശദമായി പരിശോധിക്കാം.

പ്രോഗ്രാമിന്റെ തുടക്കം class എന്ന datatype-ഓടു കൂടിയാണ്. ഏതൊരു ജാവ പ്രോഗ്രാമും class ഓട് കൂടിയാണ് തുടങ്ങുക.

main( )നെ ക്ലാസിനകത്തെ ഒരു മെത്തേഡായി മാത്രമേ നമുക്ക് ഉൾപ്പെടുത്താനാകൂ. ജാവ 100% ഓബ്ജക്ട് ഓറിയന്റഡ് ആണ് അതുകൊണ്ട് C++ലെ പോലെ വെറുതെ ഒരു ഫങ്ഷനെഴുതി പ്രോഗ്രാം പ്രവർത്തിപ്പിക്കാനാകില്ല. ഏത് മെത്തേടായാലും അത് classന്റെ ഭാഗമായി മാത്രമേ നല്കാൻ കഴിയൂ.

സാധാരണരീതിയിൽ ഒരു ക്ലാസിനകത്തെ മെത്തേഡ് പ്രവർത്തിക്കണമെങ്കിൽ ഒരു ഓബ്ജക്ടിന്റെ സഹായം ആവശ്യമാണ്. പക്ഷേ ഇവിടെ main ( ) മെത്തേഡ് static ആയിട്ടാണ് പ്രസ്താവിച്ചിട്ടുള്ളത്.
public static void main (String[] args) അതിനാൽ ഓബ്ജക്ടില്ലാതെ ക്ലാസ്സിന് തന്നെ main()നെ പ്രവർത്തിപ്പിക്കുവാൻ കഴിയും.

കുറിപ്പ്: ജാവ പ്രോഗ്രാം case sensitive ആണ് അതിനാൽ ടൈപ്പ് ചെയ്യുമ്പോൾ അവസ്ഥ ശ്രദ്ധിക്കണം. അതായത് Main() ഉം main() ഉം രണ്ടായാണ് കംപൈലർ കാണുന്നത്.

ഈ പ്രോഗ്രമിന്റെ ഉത്തരമായി നമുക്കു കിട്ടുന്നത് - Welcome to WikiBooks എന്നാണ്. C++ൽ 'cout', Cയിൽ printf ( ) എന്നിവപോലെ ജാവയിൽ ഡിസ്‌പ്ലേ കമാന്റായാണ് system.out.printn()' പ്രവർത്തിക്കുന്നത്.