ഒരു ഓപറേറ്റിങ്ങ് സിസ്റ്റത്തിൽ ഫയലുകൾ , ഡയറക്റ്ററികൾ എന്നിവ ഏതുരീതിയിൽ എവിടെയൊക്കെ ചിട്ടപ്പെടുത്തി വെക്കണം എന്നു നിർവചിക്കുന്ന സംവിധാനത്തിനാണ് ഫയൽ സിസ്റ്റം ലേ ഔട്ട് എന്നു പറയുന്നത്. ഇതിനു ആ കംപ്യൂട്ടറിലെ ഹാർഡ് ഡിസ്ക് പാർട്ടീഷ്യനുകളുമായി ബന്ധമുണ്ടായിരിക്കും. ഓരോ ഓപറേറ്റിങ്ങ് സിസ്റ്റങ്ങൾക്കും അവയുടേതായ ഫയൽ സിസ്റ്റം ലേ ഔട്ട് കാണും. യുനിക്സ് / ലിനക്സ് അടിസ്ഥാനമായുള്ള ഓപറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും അടിസ്ഥാനപരമായി ഏതാണ്ട് ഒരേ രീതിയിലുള്ള ലേ ഔട്ട് ആണ് കാണാറുള്ളത്. ഈ ലേ ഔട്ടിനെ പൊതുവെ യൂണിഫൈഡ് ഫയൽ സിസ്റ്റം ലേ ഔട്ട് എന്നു പറയും.

യൂണിഫൈഡ് ലേ ഔട്ടിന്റെ പ്രത്യേകത ഇതു തട്ടുകളായി തിരിച്ച ഒരു ശ്രേണി (Higherarchy) ആയി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതാണ് എന്നതാണ്. ഈ ശ്രേണിയുടെ ഏറ്റവും മുകളിൽ ഒറ്റ ഒരു ഡയറക്റ്ററി മാത്രമേ കാണുകയൂള്ളൂ. ഈ ഡയറക്റ്ററി “റൂട്ട് ഡയറക്റ്ററി” (Root Directory) എന്നറിയപ്പെടുന്നു. ഈ ഡയറക്റ്ററിയുടെ പേര് “/” (Forward Slash) എന്ന ചിഹ്നം കൊണ്ടാണ് കുറിക്കുന്നത്. ഓപറേറ്റിങ്ങ് സിസ്റ്റത്തിലെ മറ്റെല്ലാ ഡയറക്റ്ററികളും ഈ ശ്രേണിയിൽ റൂട്ട് ഡയറക്റ്ററിയുടെ താഴെ ആയിരിക്കും. വേറൊരു രീതിയിൽ പറഞാൽ മറ്റെല്ലാ ഡയറക്റ്ററികളും റൂട്ട് ഡയറക്റ്ററിക്കകത്തുള്ള സബ് ഡയറക്റ്ററികൾ (Sub Directory) ആയിരിക്കും. ഇങ്ങനെ ഓരോ ഡയറക്റ്ററിക്കും താഴെ കൂടുതൽ സബ് ഡയറക്റ്ററികൾ ഉണ്ടാക്കാവുന്നതാണ്. ഇതിൽ മനസ്സിലാക്കേണ്ട ഒരു കാര്യം വിൻഡോസിലേതു പോലെ സി (C:),ഡി (D:) എന്നു തുടങ്ങുന്ന വേറേ വേറേ ഡ്രൈവുകൾ ഇതിൽ ഉണ്ടാവില്ല എന്നുള്ളതാണ്.

ഓരോ ഡയറക്റ്ററിക്കും ഒരു പേര് ഉണ്ടായിരിക്കും എന്നു അറിയാമല്ലോ, ഈ ഡയറക്റ്ററി ഫയൽ സിസ്റ്റം ലേ ഔട്ടിന്റെ ശ്രേണിയിൽ എവിടെയാണെന്നറിയാൻ ഉപയോഗിക്കുന്ന സംജ്ഞയെ (Notation) ആ ഡയറക്റ്ററിയുടെ ആബ്സൊല്യൂട്ട് പാത്ത് (Absolute Path) എന്നു പറയുന്നു. ഒരു ഡയറക്റ്റരിയുടെ ആബ്സൊല്യൂട്ട് പാത്ത് ലഭിക്കാൻ റൂട്ട് ഡയറക്റ്ററിയിൽ തുടങ്ങി താഴോട്ട് ഈ ഡയറക്റ്ററി വരെ പോകുന്ന വഴിയിൽ ഉള്ള എല്ല സബ്-ഡയറക്റ്റരികളുടേയും പേര് എടുത്ത് യഥാക്രമം ഇടതു വശത്തു നിന്നു വലതു വശത്തേക്കു എഴുതിയാൽ മതി, ഇതിൽ ഓരോ ഡയറക്റ്ററിയേയും വേർ തിരിച്ചറിയുന്നതിനു വേണ്ടി ഓരോ ഡയറക്റ്ററിക്കും ശേഷം ഒരു “/” ചേർക്കണം. ഇതു ഒരു ഉദാഹരണം വഴി വ്യക്തമാക്കിയാൽ കൂടുതൽ മനസ്സിലാകും . റൂട്ട് ഡയറക്റ്ററിയുടെ തൊട്ടു താഴെയായി “ഇടിസി” (etc) എന്ന പേരുള്ള ഒരു സബ് ഡയറക്റ്ററി ഉണ്ടെന്നു വിചാരിക്കുക. ഇതിന്റെ ആബ്സൊല്യൂട്ട് പാത്ത് “/etc” എന്നാണ്, ഇതിൽ ഏറ്റവും ഇടതു വശത്തുള്ള “/” റൂട്ട് ഡയറക്റ്ററിയെ സൂചിപ്പിക്കുന്നു. ഇതിന്റെ വലതു വശത്തായി ഇടിസി എന്ന സബ് ഡയറക്റ്ററി യുടെ പേരും ചേർന്നതോടെ ഇത് ആ ഡയറക്റ്ററിയുടെ ആബ്സൊല്യൂട്ട് പാത്ത് ആയി മാറി.

ഇനി കുറച്ചു കൂടി സങ്കീർണമായ ഒരു ഉദാഹരണം നോക്കാം. നേരത്തെ പറഞ്ഞ “/etc” ഡയറക്റ്ററിക്കകത്ത് vpnc, ppp എന്നിങ്ങനെ രണ്ട് സബ്-ഡയറക്റ്ററികൾ ഉണ്ടെന്നു വിചാരിക്കുക. ഇവയുടെ ആബ്സൊല്യൂട്ട് പാത്തുകൾ യഥക്രമം /etc/vpnc,/etc/ppp എന്നിവ ആയിരിക്കും. അപ്പോൾ ആബ്സൊല്യൂട്ട് പാത്ത് കണ്ടുപിടിക്കുന്ന രീതിയെ ഇങ്ങനെ സംഗ്രഹിക്കാം. ഒരു ഡയറക്റ്ററിയുടെ ആബ്സൊല്യൂട്ട് പാത്ത് ആ ഡയറക്റ്ററിയെ ഉൾകൊള്ളുന്ന ഡയറക്റ്ററി – ഇത് പാരന്റ് ഡയറക്റ്ററി (Parent Directory) എന്നറിയപ്പെടുന്നു – യുടെ ആബ്സൊല്യൂട്ട് പാത്തിന്റെ വലതു വശത്ത് ഒരു “/” ചേർത്ത് അതിന്റെ വലത്തായി ഈ ഡയറക്റ്ററിയുടെ പേരു ചേർത്തതായിരിക്കും. ആബ്സൊല്യൂട്ട് പാത്തിന്റെ തുടക്കം റൂട്ട് ഡയറക്റ്ററിയിൽ നിന്നായിരിക്കും. റൂട്ട് ഡയറക്റ്ററിയുടെ പേരും ആബ്സൊല്യൂട്ട് പാത്തും “/” എന്നു തന്നെ ആയിരിക്കും. ഉദാഹരണത്തിന് /etc/ppp എന്ന ഡയറക്റ്ററിക്കകത്ത് resolv,peers എന്നീ ഡയറക്റ്ററികൾ ഉണ്ട്. ഇതിൽ resolv ഡയറക്റ്ററിയുടെ ആബ്സൊല്യൂട്ട് പാത്ത് കിട്ടാൻ അതിന്റെ പാരന്റ് ഡയറക്റ്ററി ആയ ppp യുടെ ആബ്സൊല്യൂട്ട് പാത്തിന്റെ (/etc/ppp) വലത്തായി “/” ഉം അതിനു ശേഷം “resolv” എന്നും ചേർക്കുക. ആപ്പോൾ “/etc/ppp/resolv” എന്ന ആബ്സൊല്യൂട്ട് പാത്ത് ലഭിക്കും. ഇതു പോലെ /etc/ppp ക്കകത്തുള്ള peers ഡയറക്റ്ററിയുടെ ആബ്സൊല്യൂട്ട് പാത്ത് “/etc/ppp/peers” ആയിരിക്കും.

ആവശ്യമായ പെർമിഷനുകൾ ഉള്ള ആർക്കും റൂട്ട് ഡയറക്ടറിക്കകത്തൊ അതിനു താഴെയുള്ള സബ് ഡയറക്റ്ററികൾക്കകത്തോ ഫയലുകൾ, ഡയറക്റ്ററികൾ എന്നിവ ഉണ്ടാക്കാൻ സാധിക്കും. എന്നാൽ ഓപറേറ്റിങ്ങ് സിസ്റ്റം പ്രവർത്തിക്കുന്നതിന് ആവശ്യമായ കുറേ അടിസ്ഥാന ഡയറക്റ്ററികൾ ഉണ്ട്. ഇവ ഓ.എസ്. ഇൻസ്റ്റലേഷൻ സമയത്തു തന്നെ ഉണ്ടാക്കപ്പെടും. നിശ്ചിത പേരുകൾ ഉള്ള ഇവയിൽ ഓരോ ഡയറക്റ്ററിക്കും അവയുടേതായ ഉപയോഗങ്ങൾ ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ഈ ഡയറക്റ്ററികളുടെ ആബ്സൊല്യൂട്ട് പാത്തും ഒരോന്നിന്റെയും ഉപയോഗവും കൊടുത്തിരിക്കുന്നു.


/bin
എല്ലാ ഉപയോക്താക്കൾക്കും ഉപയോഗിക്കാൻ അനുവാദമുള്ള അടിസ്ഥാന സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതു ഇവിടെ ആണ്. ഒരു ഉപയോക്താവിന് കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഏറ്റവും കുറഞ്ഞത് ഇതിലുള്ള സോഫ്റ്റ് വെയറുകളെങ്കിലും ആവശ്യമാണ്.
/boot
കമ്പ്യൂട്ടർ ബൂട്ട് ചെയ്യുന്നതിനാവശ്യമായ ഫയലുകൾ ഇവിടെ സൂക്ഷിക്കപ്പെടുന്നു.
/dev
ലിനക്സിൽ എല്ലാ ഇൻപുട് / ഔട്ട്പുട് ഉപകരണങ്ങളെയും പ്രതിനിധാനം ചെയ്യുന്നതിന് ഓരോ ഫയലുകൾ ഉണ്ടായിരിക്കും. ഇവ പൊതുവിൽ ഡിവൈസ് (Device) ഫയലുകൾ എന്നറിയപ്പെടുന്നു. ഇത്തരം ഫയലുകൾ സൂക്ഷിച്ചിരിക്കുന്നത് ഈ ഡയറക്റ്ററിക്കകത്താണ്.
/etc
ഓപറേറ്റിങ്ങ് സിസ്റ്റത്തിന്റെയും അതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മിക്ക സോഫ്റ്റ് വെയറുകളുടേയും കോൺഫിഗറേഷനുകൾ സൂക്ഷിക്കുന്നു.
/home
സാധാരണ ഉപയോക്താകളുടെ ഹോം ഡയറക്റ്ററികൾ സൂക്ഷിക്കുന്നു.
/lib
സോഫ്റ്റ് വെയറുകൾ പ്രവർത്തിക്കുന്നതിന് ലൈബ്രറി ഫയലുകൾ എന്നറിയപ്പെടുന്ന പ്രത്യേക തരം ഫയലുകൾ ആവശ്യമുണ്ട്. ഇവ സൂക്ഷിക്കപ്പെടുന്നത് ഈ ഡയറക്റ്ററിക്കകത്താണ്.
/mnt
കംപ്യൂട്ട്റിന്റെ സ്വന്തമല്ലാത്ത (സ്ഥിരമായി കണക്റ്റ് ചെയ്യപ്പെടാത്ത) ഫയൽ സിസ്റ്റം ഡിവൈസുകൾ - യു.എസ്.ബി., ഫ്ളോപ്പി, സി.ഡി.,എക്സ്ടേണൽ ഹാർഡ് ഡിസ്ക് മുതലായവ – താല്ക്കാലികമായി കംപ്യൂട്ടറിന്റെ ഭാഗമാക്കി മാറ്റാൻ, ഈ പ്രവർത്തിയെ മൗണ്ട് (Mount) ചെയ്യുക എന്നാണ് പറയുക. മൗണ്ട് ചെയ്യപ്പെടുന്ന ഡിവൈസുകൾ ഈ ഡയറക്റ്റരിയുടെ കീഴിലുള്ള സബ്-ഡയറക്റ്ററികൾ ആയി മാറും. പുതിയ ഓപറേടിങ്ങ് സിസ്ടങ്ങളിൽ ഇതു /media എന്ന ഡയറക്റ്ററിയിലേക്കു മാറ്റിയിരിക്കുന്നു.
/proc
ഓപറേറ്റിങ്ങ് സിസ്റ്റം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഉപയോഗിക്കപ്പെടുന്ന സെറ്റിങ്ങുകൾ,മറ്റു സൗകര്യങ്ങൾ എന്നിവയെക്കുരിച്ചുള്ള വിവരങ്ങൾ ഇതിനു കീഴിലുള്ള ഫയലുകളിലും ഡയറക്റ്ററികളിലും ശേഖരിക്കപ്പെട്ടിരിക്കുന്നു.
/root
കംപ്യൂട്ടറിലെ ഏതു കോൺഫിഗറേഷനുകളും സെറ്റിങ്ങുകളും മാറ്റുവാൻ (സിസ്ടം അഡ്മിനിസ്ട്രേഷൻ എന്നറിയപ്പെടുന്ന ജോലികൾ) അനുവാദമുള്ള ഉപയോക്താവാണ് “റൂട്ട്”, ഈ ഉപയോക്താവിന്റെ ഹോം ഡയറക്റ്ററിയാണ് ഇത്.
/sbin
സിസ്റ്റം അഡ്മിനിസ്ട്രേഷൻ ജോലികൾ ചെയ്യാൻ അനുവാദമുള്ള ഉപയോക്താക്കൾക്ക് വേണ്ടി അത്തരം ജോലികൾക്കാവശ്യമുള്ള സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത് ഇവിടെയാണ്.
/tmp
ഓപറേറ്റിങ്ങ് സിസ്റ്റം പ്രവർത്തിച്ചു കോണ്ടിരിക്കേ അതിലെ സോഫ്റ്റ് വെയറുകൾ പ്രവർത്തിപ്പിക്കുന്നതിന് താൽക്കാലികമായ ഫയലുകൾ/ഡയറക്റ്ററികൾ എന്നിവ ഉണ്ടാക്കേണ്ടി വരാറുണ്ട്. ഇവ സൂക്ഷിക്കുന്നതു ഈ ഡയറക്റ്ററിക്കകത്താണ്. ഓരോ പ്രാവശ്യം കമ്പ്യൂട്ടർ റീബൂട്ട് ചെയ്യുമ്പോൾ ഈ ഡയറക്റ്ററിയിലെ ഫയലുകൾ നീക്കം ചെയ്യപ്പെടും. അതിനാൽ സ്ഥിരമായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ഫയലുകൾ ഒരിക്കലും ഇവിടെ സൂക്ഷിക്കരുത്.
/usr
എല്ലാ ഉപയോക്താക്കൾക്കും ഉപയോഗിക്കാവുന്ന സോഫ്റ്റ് വെയറുകളുടെ (/bin ൽ ഉള്ളവയുടെ ഒഴിച്ച്) എല്ലാ കംപോണന്റുകളും – ബൈനറികൾ , ലൈബ്രറികൾ , ഡോക്ക്യുമെന്റേഷൻ തുടങ്ങിയവ – ഇവിടെയാണ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്.
/var
ഓപറേറ്റിങ്ങ് സിസ്റ്റം സർവീസുകൾ , മറ്റു പ്രധാന സോഫ്റ്റ് വെയറുകൾ തുടങ്ങിയവ ഉണ്ടാക്കുന്ന ഫയലുകൾ – തുടർച്ചയായി ഉള്ളടക്കത്തിൽ മാറ്റം വരുന്നതും എന്നാൽ സ്ഥിരമായി കമ്പ്യൂട്ടറിൽ സൂക്ഷിച്ചു വെക്കേണ്ടതുമായവ – ഇവിടെ സൂക്ഷിക്കപ്പെടുന്നു.
swap
സ്വാപ്പ് എന്നാൽ വിർച്ച്വൽ മെമ്മറി എന്നതിനു സമാനമായ ഒന്നാണ്. അതായത് ഹാർഡ് ഡിസ്കിന്റെ ഒരു ഭാഗം റാം ആയി ഉപയോഗിക്കപ്പെടുന്നു.